വൈകുന്നേരം ഇരുട്ടിത്തുടങ്ങിയ സമയം.തൊടുപുഴയ്ക്കടുത്ത് പട്ടയംകവലയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ചരിത്ര സംഭവം അരങ്ങേറാൻ ഏതാനും നിമിഷങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
സിനിമാ അഭിനയം!
അതും ഇന്നേവരെ സ്റ്റേജിൽ പോലും അഭിനയിച്ചിട്ടില്ലാത്ത ഞാൻ.
മിഥുൻ മാനുവൽ തോമസിന്റെ ആട് 2-വിലെ രംഗം ആണ് ഷൂട്ട് ചെയ്യേണ്ടത്.
'വാർത്ത വായിക്കുന്ന രംഗമാണ്' എന്നറിഞ്ഞപ്പോ ഞാൻ സമാധാനിച്ചു.മുഖത്ത് പ്രത്യേകിച്ച് എക്‌സ്പ്രഷനിട്ട് ബുദ്ധിമുട്ടണ്ടല്ലോ. അല്ലേൽ നവരസം പുറത്തെടുത്ത് ഞാൻ സ്വല്പം ബുദ്ധിമുട്ടിയേനെ.
3 പാരഗ്രാഫ് ഉള്ള ഒരു വാർത്ത, കാണാതെ പഠിച്ച് ക്യാമറയിലേക്ക് നോക്കി കാണാതെ പഠിച്ച് പറയുന്നതാണെന്ന തോന്നാലുണ്ടാക്കാത്ത വിധത്തിൽ പറയുക.
സോ സിംപിൾ! അല്ലെ .
കുന്തം! അത് സ്വല്പം പാടാണെന്ന സത്യം അന്നാണ് ഞാൻ മനസ്സിലാക്കിയത്. മേക്കപ്പ് മാൻ വാർത്താവായനക്കാരന്റെ ഹെയർസ്റ്റൈലിൽ(അത് എന്ത് സ്റ്റൈൽ എന്ന് ചോദിക്കരുത്) മുടിചീകി മേക്കപ്പ് ഇട്ട് Look എല്ലാം റെഡിയാക്കി.
അന്ന് ഉച്ചയ്ക്ക് എനിക്ക് തന്ന "വാർത്ത പാരഗ്രാഫ്" മുഴുവൻ ഞാൻ അരച്ചുകലക്കി കുടിച്ചെന്ന വിശ്വാസത്തിൽ ലൊക്കേഷനിൽ എല്ലാവരും സീൻ ഷൂട്ട് ചെയ്യാൻ തയ്യാറായി.
VFX നു വേണ്ടി ഏറ്റവും പിന്നിലായി ഒരു Green Screen വച്ചിരിക്കുന്നു. ഒരു സ്റ്റേജിന് സമാനമായ , ഉയർന്ന സ്ഥലത്ത് നമ്മൾ സാധാരണ വാർത്ത വായനയിൽ കാണുന്ന സെറ്റപ്പ് (മേശ, ലാപ്പ്ടോപ്പ്,etc) എല്ലാം
റെഡിയാക്കിയിട്ടുണ്ട്. അവിടെ ഇരുന്ന് തൊട്ടമുന്നിൽ കാണുന്ന ക്യാമറയിൽ നോക്കി പഠിച്ചുവച്ചിരിക്കുന്ന വാർത്ത കാണാതെ പറയുക. സംഗതി സിംപിൾ!
നേരം ഇരുട്ടിത്തുടങ്ങിയിരുന്നെങ്കിലും ഷൂട്ടിങ്ങ് കാണാൻ ധാരാളം ആളുകൾ ചുറ്റും നിന്നിരുന്നു. തൊട്ടുമുന്നിൽ സ്റ്റേജിന് താഴെ പ്രശസ്ത സംവിധായകൻ മിഥുൻ. സംവിധായകന്റെ കുറച്ചുകൂടി മുന്നിൽ ക്യാമറ സെറ്റ് ആക്കി പ്രിയപ്പെട്ട അളിയൻ വിഷ്ണുവേട്ടൻ. കക്ഷിയുടെ കെയറോഫിൽ ഈ സീനിൽ എത്തിപ്പെട്ട ഞാൻ സ്റ്റേജിൽ നിൽക്കുന്നു. ഇവരുടെഎല്ലാവരുടെയും കണ്ണുകൾ സ്റ്റേജിൽ നിൽക്കുന്ന എന്നിലേക്ക്.
മേക്കപ്പിന്റെ അവസാന മിനുക്കുപണികളും കഴിഞ്ഞ് വാർത്താവായനക്കാരനായി ഞാൻ മേശയ്ക്ക് പിന്നിൽ ഇരുന്നു.
ക്യാമറ സെറ്റ് ചെയ്ത് വിഷ്ണുവേട്ടൻ. ഷൂട്ടിങ്ങ് തുടങ്ങാൻ നിമിഷങ്ങൾ ബാക്കി.
"ക്യാമറ റോളിങ്ങ്" "റെഡി" എന്നീ ശബ്ദങ്ങൾക്ക് ശേഷം
മിഥുൻ 'ആക്ഷൻ' എന്നു പറയുന്നത് കേട്ടതും അത് സംഭവിച്ചു.
അതുവരെയുള്ള preparation എല്ലാം കയ്യീന്ന് പോയി.
അഴകിയരാവണൻ സിനിമയിലെ ഇന്നസെന്റിനെ പോലെ ഒരു ആറേഴു പ്രാവശ്യം
'തോന്നയ്ക്കൽ പഞ്ചായത്തിലെ ഓരോ അരിയും ഞാൻ പെറുക്കി എടുത്തു' തുടങ്ങിയപ്പോൾ വിഷ്ണുവേട്ടനും മടുത്തെന്നു തോന്നുന്നു. കക്ഷി ക്യാമറ സെറ്റ് ആക്കി വെച്ചതിനു ശേഷം തൊട്ടപ്പുറത്തിരിക്കുന്ന സംവിധായകന്റെ ഒപ്പം , കക്ഷി നോക്കിക്കൊണ്ടിരുന്ന സ്‌ക്രീനിൽ നോക്കിയിരിക്കാൻ തുടങ്ങി. എല്ലാത്തിനുമുപരി ഈ 'ആക്ഷൻ-കട്ട്' തന്നെ കണ്ടുകണ്ട് ചുറ്റിനുമുള്ള ആളുകളും എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരിക്കുന്നു .
'ആക്ഷൻ''ആക്ഷൻ' പറഞ്ഞ് മിഥുനും കഥാപാത്രത്തെ എന്നിലേക്ക് ആവാഹിച്ച് ആവാഹിച്ച് ഞാനും മടുത്തു. ഒരു തവണ പോലും മുഴുവൻ പാരഗ്രാഫും, പോട്ടെ പകുതിയെങ്കിലും ക്യാമറയിൽ നോക്കി തെറ്റാതെ പറഞ്ഞിട്ടില്ലെങ്കിലും ഒടുവിൽ എല്ലാം ഒക്കെ ആയി എന്ന് നിർദ്ദേശം എനിക്ക് കിട്ടി. കാരണം , എന്റെ സീൻ കഴിഞ്ഞിട്ട് വേണമായിരുന്നു അവർക്ക് അന്നത്തെ ഷൂട്ടിങ്ങ് നിർത്തി പോകാൻ.
അവിചാരിതമായി കിട്ടിയ ചാൻസ്.
അഭിനേതാവിന്റെ യാതൊരു കഴിവും എന്നിൽ ഇല്ലെന്ന് ഉറപ്പായിരുന്നെങ്കിലും ആ ചാൻസ് വെറുതെ കളയാൻ പറ്റില്ലല്ലോ.
നാളുകൾ കടന്നുപോയി.
അങ്ങനെ ആട് 2 റിലീസ് ദിവസം വന്നെത്തി.
ആരോടും ഈ സംഭവം പറഞ്ഞിട്ടില്ലായിരുന്നെങ്കിലും സിനിമ കണ്ടിറങ്ങിയ ചില ഫ്രണ്ട്സ് , ആ വര്ഷത്തെ നാഷണൽ അവാർഡ് എനിക്കാണെന്ന തരത്തിൽ തള്ളിമറിച്ച് ഫോണ് വിളിച്ചു.
ഷാജി പാപ്പൻ തരംഗം കേരളത്തിൽ അലയടിച്ചു. സിനിമ സൂപ്പർഹിറ്റായി.
അതേ. ഞാൻ "അഭിനയിച്ച" ആദ്യ പടം തന്നെ സൂപ്പർഹിറ്റ്.
സിനിമയിൽ എന്റേത് ഏതാനും
സെക്കന്റുകൾ മാത്രമുള്ള സീൻ ആയിരുന്നെങ്കിലും പിന്നീട് പലരും സിനിമ കണ്ട് അതിൽ എന്നെ തിരിച്ചറിഞ്ഞ് സംസാരിച്ചത് കണ്ട് ഞാൻ തന്നെ അമ്പരന്നിട്ടുണ്ട്. എന്നെ മുൻപരിചയമില്ലാത്തവർക്ക് ആ സീനിൽ എന്നെ തിരിച്ചറിയാൻ പാടായിരിക്കുമെന്ന കണക്കുകൂട്ടലുകളും പിന്നീട് പലതവണ തെറ്റിയിട്ടുണ്ട്.
അങ്ങനെ ഏതൊരു ശരാശരി മലയാളിയുടെയും സ്വപ്നമായ സിനിമാ അഭിനയം അവിടെ പൂവണിഞ്ഞു. എന്നും ഓർക്കാൻ നല്ലൊരു അനുഭവമായി അത് മാറി.
ഇങ്ങനെയൊരു സാഹചര്യമൊരുക്കിത്തന്ന പ്രിയ സുഹൃത്തും ആട് 2 സിനിമാട്ടോഗ്രാഫറും ആയ വിഷ്ണുവേട്ടനെ ഒന്നൂടെ മനസ്സിൽ സ്മരിച്ചുകൊണ്ട് ഈ എഴുത്ത് നിർത്താം..