2022, ഫെബ്രുവരി 9, ബുധനാഴ്‌ച

ഒരുവട്ടം കൂടിയെന്നോർമ്മകൾ..

മധുരമുള്ള ഓർമ്മകൾ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. കുട്ടിക്കാലത്തെയും യൗവനത്തിലെയുമെല്ലാം ഓർമ്മകളിലേക്ക് നാമെല്ലാം ഇടയ്ക്കിടെ എത്തിനോക്കാറുണ്ട്. 
ഒരുപക്ഷേ ചില സ്ഥലങ്ങൾ, ചിത്രങ്ങൾ , സംഭവങ്ങൾ അങ്ങനെ എന്തുമാവാം നമ്മെ ആ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോവുക. മധുരമുള്ള ആ നിമിഷങ്ങളിൽ മടങ്ങിയെത്താൻ നാമെല്ലാം ആഗ്രഹിക്കാറുമുണ്ട്. 
ഒരുപക്ഷേ അന്ന് 'ഇതെന്തൊരു സമയമാണീശ്വരാ' എന്നോർത്ത് നാം വേവലാതിപ്പെട്ടിട്ടുണ്ടാവാം. ഇന്നത് സുന്ദരമായ ഓരോർമ്മയായി അവശേഷിക്കുന്നുമുണ്ടാവാം.

 ഓർമകൾ..

നമ്മോടൊപ്പം അന്നുണ്ടായിരുന്ന പലരും ഇന്ന് നമ്മെ വിട്ട് പോയിട്ടുണ്ടാകാം. പുതിയ ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടാവാം.
സാഹചര്യങ്ങളും ജീവിതവും എല്ലാം മാറിയിട്ടുണ്ടാകാം..

എങ്കിലും..

 കണ്ണുകളടച്ച് പഴയ ആ ഓർമ്മകളിൽ കുറേ നേരത്തേക്കെങ്കിലും ജീവിക്കുന്നത് നാമെല്ലാം ഇഷ്ടപ്പെടുന്നില്ലേ?

ഒരിക്കലെങ്കിലും ആ ദിവസത്തിലേക്ക് മടങ്ങിയെത്താൻ നാം ആഗ്രഹിക്കുന്നില്ലേ? 

ഓർമ്മകൾ..
അത് അത്രമേൽ മധുരമുള്ളതായിരുന്നു എന്ന് നാമിന്ന് തിരിച്ചറിയുന്നില്ലേ?




ഏതാണ്ട് അഞ്ചാം ക്ലാസ് മുതലുള്ള ഓർമ്മകളാണ് എന്നിൽ ഇന്നും കുറെയെങ്കിലും മായാതെ നിൽക്കുന്നത്. നാട്ടിൻപുറത്തെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ ഒരു ശരാശരി വിദ്യാർത്ഥിക്ക് ലഭിക്കുന്ന , സുന്ദരമായ എല്ലാ ഓർമകളും നിറഞ്ഞ ഒരു ബാല്യകാലം. സ്‌കൂളിന് തൊട്ടടുത്ത് വീടുണ്ടായിട്ടും ക്ലാസ്സിൽ ഏറ്റവും താമസിച്ചെത്തുന്ന വിദ്യാർഥി..
 ഉച്ചയ്ക്ക് വീട്ടിൽ ഉണ്ണാൻ എത്തുന്ന പതിവ് പ്ലസ് ടു വരെ ഞാൻ കൃത്യമായി തുടർന്ന് പോന്നു. വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ വീടിനുമുന്നിൽ തന്നെ പാടവും അമ്പലമുറ്റവും ഉണ്ടായിരുന്നത് വലിയ സൗകര്യമായിരുന്നു.
പോരാത്തതിന് സ്‌കൂളിലും വീടിന്റെ പരിസരങ്ങളിലുമായി ഇഷ്ടം പോലെ കൂട്ടുകാർ. എല്ലാവരും കളിക്കാൻ വീടിന് മുന്നിൽ എത്തും.  അഞ്ച്,ആറ്,ഏഴ് ക്ലാസുകളിലെ ഒപ്പം പഠിച്ച ഒരുവിധം എല്ലാ സുഹൃത്തുക്കളും എന്റെ വീട്ടിലും വന്നിട്ടുണ്ടായിരുന്നു. 
മധ്യവേനലവധിക്കാലത്ത്  നീണ്ടുനിവർന്നു കിടക്കുന്ന പാടങ്ങളിൽ നാട്ടുച്ചയ്ക്കുള്ള പൊള്ളുന്ന വെയിൽ കാര്യമാക്കാതെ ക്രിക്കറ്റിന്റെ വീറും വാശിയും ഒട്ടും ചോരാതെ നിറഞ്ഞ് കളിക്കാനുള്ള ഭാഗ്യം അന്നുണ്ടായി. സ്മാർട്ട് ഫോണിൽ കുരുങ്ങിക്കിടക്കുന്ന ഇന്നത്തെ കുട്ടികൾക്ക് അതൊക്കെ ചിന്തിക്കാനാകുമോ എന്ന് സംശയമാണ്. 

 പരിചയപ്പെട്ട എല്ലാവരും സുഹൃത്തുക്കളായിരുന്നു..

പാടത്തെ ക്രിക്കറ്റും സ്‌കൂൾ ഗ്രൗണ്ടിലെ ഫുട്‌ബോളും ..
ഒപ്പം കൂടാൻ കൂട്ടുകാരും..
ടി.വിയിലെ കാർട്ടൂൺ നെറ്റവർക്ക് ചാനലും, ക്യാരംസ്, പാമ്പും കോണിയും,ബിസിനസ്സ് ബാരൺ, ബാലഭൂമി, ബാലരമ, സുമംഗലയുടെ മിട്ടായിപ്പൊതി,പഞ്ചതന്ത്രം കഥകൾ, ഹോജ കഥകൾ, ബീർബൽ,തെന്നാലി രാമൻ...
ഓണാവധിക്കും ക്രിസ്മസ് അവധിക്കും മുടങ്ങാതെ നടക്കുന്ന അമ്മാത്ത് സന്ദർശനം. കസിൻസ് ഒത്തുകൂടുമ്പോ കാട്ടിക്കൂട്ടുന്ന വികൃതികൾ..


 ഒപ്പം
വിഡിയോ ഗെയിമും കംപ്യുട്ടറും..


ആഹാ..
അന്തസ്സ്!

മനോഹരമായ ഒരുപിടി ഓർമ്മകൾ.
ഇത്ര സമ്പുഷ്ടമായ ഒരു ബാല്യകാലം അധികം പേർക്ക് കിട്ടിയിട്ടുണ്ടാവില്ല. 

കൂട്ടുകാരിൽ ചിലർ ഉറ്റസുഹൃത്തുക്കളായി. മറ്റുചിലർ ഇന്ന് എവിടെയാണെന്നു പോലും അറിയില്ല. എങ്കിലും..
ബാല്യം ഇന്നും മധുരമുള്ളൊരോർമ്മയാണ്.

കവികൾക്ക് ബാല്യകാലം ഇത്ര പ്രിയപ്പെട്ടതാവാൻ കാരണവും മറ്റൊന്നല്ല. ബാല്യകാലവുമായി ബന്ധപ്പെട്ട ഓർമ്മകളെല്ലാം മധുരമുള്ളതാവും. മറക്കാനാവാത്ത , ഒരിക്കലും തിരികെ കിട്ടാത്ത മധുരമുള്ള ഓർമ്മകൾ..

നമുക്കെല്ലാമുണ്ടാവും ആ മധുരസ്മരണകൾ.


വരൂ..

കണ്ണുകളടയ്ക്കൂ..
ഒരിക്കൽ കൂടി നമുക്ക് കുട്ടികളാവാം..
ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ..