2022, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

സംഗീത സംവിധാനം!

പാട്ട്.

അത് ഇഷ്ടപ്പെടാത്തവരായി നമ്മളിൽ ആരും തന്നെ കാണില്ല. ഒരിക്കലെങ്കിലും ഒരു പാട്ട് മൂളാത്തവരും ചുരുക്കമായിരിക്കും. 
എന്നാൽ നമ്മളിലെത്ര പേര് ഒരു പാട്ട് ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്?

ഒരു പാട്ട് Compose ചെയ്യാൻ...

 അങ്ങനൊരു സാഹസം ഒരിക്കലെനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 

സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി പ്രത്യേകിച്ച് ഒരിടത്തേക്കും ഞാൻ പോയിട്ടില്ല. പഠിക്കണം എന്ന ആഗ്രഹവുമായി ഞാനങ്ങനെയിരുന്നു.. പഠിച്ചില്ല.
 സിനിമാ പാട്ടുകൾ കൂടാതെ ക്‌ളാസിക്കൽ സെമി ക്‌ളാസിക്കൽ ഐറ്റംസും എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ ഇതൊക്കെ Create ചെയ്യുന്നവരെ ലേശം അത്ഭുതത്തോടെ തന്നെയായിരുന്നു അന്നും ഇന്നും എന്നും ഞാൻ കണ്ടിരുന്നത്.

 ശൂന്യതയിൽ സൃഷ്ടിക്കപ്പെടുന്ന ശബ്ദം പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തിയാൽ അത് ആസ്വാദ്യകരമായി തീരുമെന്ന് കണ്ടുപിടിച്ചതാരാവാം..

അതിപ്പോ ആരാണെങ്കിലും സംഗീതത്തോടുള്ള എന്റെ തീവ്രമായ ഇഷ്ടം കൊണ്ടുതന്നെ ഒരിക്കലെങ്കിലും  ഒരു പാട്ട് സ്വയം ഉണ്ടാക്കണമെന്ന് ഒരാഗ്രഹം എന്റെ ഉള്ളിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു...

അങ്ങനെയിരിക്കുമ്പോഴാണ് എഞ്ചിനീയറിംഗ് ഫൈനൽ ഇയർ ആർട്‌സ് ഡേ വരുന്നത്. ഞാനങ്ങനെ പ്രത്യേകിച്ച് പരിപാടികളിലൊന്നും പങ്കെടുക്കാറില്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാര്യമാണ്   സുഹൃത്ത് വന്ന് അന്നെന്നോട് ആവശ്യപ്പെട്ടത്. ആർട്‌സ് ഡേയ്ക്ക് അവതരിപ്പിക്കുന്ന
അവരുടെ നാടകത്തിനോ മറ്റോ ഒരു പാട്ട് ഞാൻ ഉണ്ടാക്കി കൊടുക്കണം എന്ന്..!

 കോളേജിലും ഹോസ്റ്റാലിലുമായി ലൈഫ് അതിനോടകം തന്നെ
മൂന്നു മൂന്നര കൊല്ലം ആയത്കൊണ്ട്  പാട്ടിനോടുള്ള എന്റെ പ്രത്യേക താത്പര്യം സുഹൃത്തുക്കൾക്ക് അന്ന് മനസ്സിലായിരിക്കണം. .

 അതുകൊണ്ടാവണം അവരിൽ നിന്ന് അത്തരത്തിലൊരാവശ്യം എന്റെ മുന്നിലെത്തിയത്..

ഇതിപ്പോ എന്താ ചെയ്യണ്ടേ എന്ന് എനിക്കൊരു ഐഡിയയും ആദ്യം കിട്ടിയില്ല.  ശക്തമായ നിര്ബന്ധത്തിനൊടുവിൽ 
(അതേന്ന്.. സത്യമായും ശ്യാം കൃഷ്ണ എന്നൊരു സുഹൃത്ത് അന്ന് ഭീകരമായി നിർബന്ധിച്ചു. ) 
ഞാൻ ചെയ്യാം എന്ന് സമ്മതിച്ചു.

അതെങ്ങനെ?
പാട്ട് കേൾക്കാം. പാട്ട് പാടാനും ശ്രമിക്കാം. 
ഒരു പാട്ട് ഉണ്ടാക്കുന്നത് എങ്ങനെ? മ്യൂസിക് എങ്ങനെ ഉണ്ടാക്കും. വരികൾ എവിടെ നിന്ന് കിട്ടും?  

ഒരു പിടിയുമില്ലാതെ ഞാൻ സംഗതി ഏറ്റു. കാരണം , ഈ സുഹൃത്തുക്കൾ കശ്മലന്മാർ നിര്ബന്ധിച്ചാൽ നമ്മൾ എങ്ങനെ No എന്ന് തീർത്ത് പറയും..

ആ ഒരൊറ്റ കാരണത്തിൽ ഞാൻ Ok പറഞ്ഞു. 

ദിവസങ്ങൾ കടന്നുപോയി..
 Arts Day അടുത്തു വന്നു.
ഏതാണ്ട് ഒരാഴ്ച കൂടിയുള്ളപ്പോ വീണ്ടുമവർ വന്ന് പാട്ടിന്റെ കാര്യം എന്നോട് ചോദിച്ചു.
 
പാട്ടൊ
ഏത് പാട്ട്? ..

എന്ന് ചോദിക്കാൻ വന്ന ഞാൻ പെട്ടെന്ന് അത് വിഴുങ്ങി . 

എന്നിട്ട് പറഞ്ഞു. അത് ഇപ്പൊ ശരിയാക്കി തരും..
..
..
അന്ന് ഹോസ്റ്റലിൽ തിരിച്ചെത്തിയ ഞാൻ ആകെ Confused ആയിരുന്നു. 
എന്ത് ചെയ്യും.
ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി.

മോഷണം.

ഒരു പാട്ട് അങ്ങ്ട് മോഷ്ടിക്കുക.
ആരും കേട്ടിട്ടില്ലാത്ത, എന്നാൽ എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു പാട്ട്. 
നാടകത്തിന്റെ Mood , Sentimental ആണ് എന്നവർ പറഞ്ഞത് വെച്ച് ഞാൻ ആ Type പാട്ടുകൾ ആലോചിക്കാൻ തുടങ്ങി.
മലയാളത്തിൽ നിന്ന് എടുത്താൽ അവർ തിരിച്ചറിയും. തമിഴും രക്ഷയില്ലായിരിക്കും. English ആണെങ്കിൽ ഞാനൊട്ട് കേൾക്കാറും ഇല്ല. 

ഹിന്ദി.  

ഹമാരാ രാഷ്ട്ര ഭാഷ. 

അധികം ആലോചിക്കാതെ തന്നെ ഒരു ഹിന്ദി പാട്ട് പെട്ടെന്ന് എന്റെ തലയിലേക്ക് വന്നു. 
അതും അധികം ആരും കേട്ടിട്ടുണ്ടാവാൻ യാതൊരു സാധ്യതയും ഇല്ലാത്ത പാട്ട്. എന്നാൽ മനോഹരമായി Compose ചെയ്തിരിക്കുന്ന മ്യുസിക്ക് ഉള്ള പാട്ട്..

 
 2008-2009 സമയത്ത്  സാക്ഷാൽ  A R Rahman ഉണ്ടാക്കിയ പാട്ട്. ലോകത്തിൽ ആദ്യമായി ഒരു മൊബൈൽ ഫോണിലൂടെ റിലീസ് ചെയ്ത മ്യുസിക് ആൽബം. Nokia Xpress Music എന്ന ഫോണിലൂടെ A R Rahman Compose ചെയ്ത് റിലീസ് ചെയ്ത മ്യൂസിക് ആൽബം ആയിരുന്നു Connections.

എന്നാൽ
മൊബൈലിലൂടെ റിലീസ് ചെയ്തതിനാലാവണം.  അധികം  ചലനം സൃഷ്‌ടിക്കാൻ അന്ന് ആ ആല്ബത്തിന് സാധിച്ചിരുന്നില്ല. അതിൽ ഉണ്ടായിരുന്ന മനോഹരമായ ഒരു പാട്ട്..
"Mann chandre nu raas na aave.."
 സെന്റിമെന്റൽ മൂഡ് പാട്ട്.

Listen song here:



ആഹാ. Tune സെറ്റ്.

 കാരണം അന്ന് (2011 സമയത്ത്) എനിക്കുറപ്പായിരുന്നു. കോളേജിലെ ആരും ഇത് കേട്ടിട്ടുണ്ടാവില്ല എന്ന്.
അത് മാത്രമല്ല, ഇനി അങ്ങോട്ട് കേൾക്കാനും സാധ്യത ഇല്ല(Internet ഒന്നും അത്ര സജീവമല്ലാതിരുന്ന കാലഘട്ടം.2008 ൽ ഇറങ്ങിയ Hit അല്ലാത്ത പാട്ട് 2011 ൽ എങ്ങനെ കേൾക്കാൻ). 

Tune ready.
 
ബട്ട്

വരികൾ. ട്യൂണ് മാത്രം പോരല്ലോ.
വരികൾ വേണം. Background Music Instruments വേണം.

വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അതേ പാട്ടിന്റെ Karaoke തപ്പി Download ചെയ്തു. 

പിന്നല്ല!


Tune - Ok.
Music Instruments - Ok.

പിന്നെ വരികൾ മാത്രമായി പ്രശ്നം.
അതിപ്പോ അടിച്ചുമാറ്റാനും പറ്റില്ല.

രണ്ടും കൽപ്പിച്ച് ഒരു  പേനയും പേപ്പറും എടുത്ത് അങ്കത്തട്ടിലേക്ക് ഞാനിറങ്ങി.
പാട്ട് കേൾക്കുന്നു. മലയാളം വരി എഴുതുന്നു.. കേൾക്കുന്നു.. എഴുതുന്നു..

ആഹാ..
വയലാറെഴുതുവോ ഇതുപോലെ..

അങ്ങനെ വരികളും തട്ടിക്കൂട്ടി.
ഒടുവിൽ ഒരു പാട്ടിന് വേണ്ട എല്ലാം ആയി.
നേരത്തെ Download ചെയ്ത  കരോക്കെ ഒരു സ്പീക്കറിൽ Play ചെയ്ത് A R Rahman ന്റെ സംഗീതത്തിൽ ഞാൻ തന്നെ എന്റെ വരികൾ പാടി Record ചെയ്തു.!

ആഹാ. ആനന്ദ പുളകിത ഗാത്രനായി ഞാൻ തന്നെ എന്നിട്ട് അത് കേട്ടു.

അന്ന് ഞാനുണ്ടാക്കിയ ദുരന്തം.. ശേ. അല്ല . 
ആ പാട്ട് വേണോങ്കി ദിവിടെ കേൾക്കാം.


2011 സമയത്ത് Record ചെയ്ത് Upload ചെയ്ത ഐറ്റം ആണ്. 
 

പിറ്റേന്ന് ഇത് ഒരു Mp3 ഫയൽ ആയി സുഹൃത്തിന് കൈമാറി. പാട്ട് കേട്ടവർ കേട്ടവർ അന്തം വിട്ടു.

 "എന്നാലും ഇവൻ ഇത് എങ്ങനെ.. ?"

ഡൽഹിയിൽ നിന്ന് വന്ന് എന്റെ കോളേജിൽ ചേർന്ന എന്റെ  റൂം മേറ്റ്, പ്രിയപ്പെട്ട സുഹൃത്ത് ബിനുവിന് പോലും വിശ്വസിക്കാൻ  കഴിഞ്ഞില്ല.

 ഇതെങ്ങനെ??

എന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. പ്രതീക്ഷിച്ച പോലെ ആരും ആ പാട്ടിന്റെ ഒറിജിനൽ കേട്ടിട്ടുണ്ടായിരുന്നില്ല. 
പക്ഷെ, ആ ഒറിജിനാലാവട്ടെ, നല്ലൊരു പാട്ടും ആയിരുന്നു. 

അതുകൊണ്ടു തന്നെ സംഗതി, പാട്ട് മോഷണം  സക്‌സസ്.

 ഈ പാട്ട് ഉണ്ടാക്കാൻ എന്നോട് പറഞ്ഞ ആ സുഹൃത്ത്. അവൻ അന്ന് പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്. 'നമ്പൂരി. നിന്റെ പാട്ട്. അത് മനസ്സീന്ന് പോണില്ല.'

എല്ലാം റഹ്മാൻ സ്വാമി ടെ കാരുണ്യം..

പക്ഷെ സംഭവം ഇതുകൊണ്ടും തീർന്നില്ല.

റൂം മേറ്റ് ബിനു ഭായ് ക്ക് സംശയം മാറിയിട്ടില്ലായിരുന്നു. 'എന്നാലും ഇവനിതെങ്ങിനെ' എന്ന മട്ടിൽ അവൻ ഉള്ളിലെവിടെയോ ഒരു സംശയം ബാക്കി വെച്ചിരുന്നു. 
ഞാനാകട്ടെ എല്ലാം കഴിഞ്ഞതുകൊണ്ട് തന്നെ ആ സംഭവമേ വിട്ടു..

അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു.

ഹോസ്റ്റലിൽ കുളിക്കാൻ കയറിയപ്പോഴാണ് എന്നാണ് എന്റെ ഓർമ്മ. ഞാൻ ആസ്വദിച്ച് ഉറക്കെ പാടി..

 "Mann chandre nu raas na aave.."

ആഹാ. തീർന്ന്.

വെളിയിൽ നിന്ന് ഇത് കേട്ട ബിനു ഭായ് ഒന്നാം ലോക മഹായുദ്ധം ജയിച്ച സന്തോഷത്തിൽ ആറാടി. 

' നമ്പൂരി അടിച്ച് മാറ്റി. ഒറിജിനൽ ഹിന്ദിപ്പാട്ട്'.

ഞാൻ സംഭവം മനസ്സിലാക്കി വന്നപ്പോഴേക്കും എല്ലാം കയ്യീന്ന് പോയി.

എന്തായാലും അതുകൊണ്ട് ഒരു പാട്ട് ഉണ്ടാക്കുന്നതിലെ സർഗ്ഗാത്മകത. സംഗീതം സൃഷ്ടിക്കുന്നതിലെ Magic. എല്ലാം അന്ന് ആസ്വദിക്കാൻ പറ്റി  കോപ്പിയടി ആയിരുന്നെങ്കിലും..