2021, ഡിസംബർ 5, ഞായറാഴ്‌ച

ദോശ - Dosa

ചില സംഭവങ്ങൾ അങ്ങനെയാണ്. അങ്ങനെയങ്ങ് ഇരിക്കുമ്പോ പെട്ടെന്നങ്ങ് സംഭവിക്കും. പിന്നെ മനസ്സിൽ അതങ്ങനെ കിടക്കും.

അന്നൊരു  ഞായറാഴ്ച. അതിരാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോകണം.തൊഴാൻ മാത്രമല്ല . അവിടെ കീഴ്ശാന്തി ആയതുകൊണ്ടുതന്നെ ആദ്യം എത്തേണ്ട ഉത്തരവാദിത്തം, ഹോമത്തിനുള്ള കാര്യങ്ങൾ തയ്യാറാക്കൽ തുടങ്ങിയ ചുമതലകൾ തീർക്കാൻ ഉണ്ട്. ഞായറാഴ്ച ആയതുകൊണ്ട് തന്നെ ആ ദിവസം രാവിലെ അമ്പലത്തിലെ ജോലികൾക്ക് ശേഷം എനിക്ക് തൊടുപുഴ ജ്വല്ലറിയിലേക്കും പോകണം.  ഏതാണ്ട് 2 മണിക്കൂർ നേരത്തെ പണി അവിടെയും  ഉണ്ട്. വീട്ടിലെത്തുമ്പോ ഏകദേശം 11 - 11.30 ആവും. 
 
 അമ്പലത്തിൽ  പഞ്ചാഭിഷേകം ഉൾപ്പടെ  രാവിലെ 5 മണിക്ക് തുടങ്ങിയ അന്നത്തെ പരിപാടികൾ ഏതാണ്ട് 9 മണി വരെ നീണ്ടു.
എല്ലാം കഴിഞ്ഞ് ഞാനും മേല്ശാന്തിയും പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. എനിക്ക്
ആ ദിവസം ജ്വല്ലറിയിലും പോകേണ്ടതുണ്ട് എന്നറിയാവുന്ന മേൽശാന്തി  എന്നോട് പറഞ്ഞു , 
" ഇല്ലത്തേക്ക് വന്നാൽ ദോശ കഴിച്ചിട്ട് പോകാം " 
 അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നാൽ എനിക്ക് ദോശ തരാം, ജ്വല്ലറിയിൽ വിശന്നിരിക്കേണ്ട എന്ന്.

"ദോശ"

അത് കേട്ടപ്പോ  ഒന്നും ഓർക്കാതെ പെട്ടെന്ന് ഞാൻ പറഞ്ഞു  : 
" ദോശയോ. ജനിച്ച അന്ന് മുതൽ ദോശ മാത്രം തിന്ന് വളർന്ന എന്നോട് തന്നെ 'ദോശ തിന്നാൻ വാ' എന്ന് പറയണം അല്ലെ ചേട്ടാ"

അതേ. എന്റെ വീട്ടിൽ ഭൂരിഭാഗം ദിവസങ്ങളിലും ദോശ ആയിരുന്നു പ്രഭാത ഭക്ഷണം.  വളരെ ചെറുപ്പം മുതലേ അത് അങ്ങനെ തന്നെയാണ്. ദോശ എന്ന് കേട്ടാൽ തന്നെ എന്റെ പല സുഹൃത്തുക്കൾക്കും എന്റെ മുഖമാണത്രെ ഓർമ്മ വരിക.
ദോശയുടെ പേരിൽ ' ഇന്നും ദോശയോ' എന്നു മുദ്രാവാക്യം വിളിച്ച് പലതവണ പ്രക്ഷോഭങ്ങൾ ഞാൻ വീട്ടിൽ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും അമ്മയുടെ അടുത്ത് വിലപ്പോയിരുന്നില്ല. രാവിലെ ദോശ, വൈകിട്ട് കനം കുറഞ്ഞ നെയ്‌റോസ്റ്റ് ദോശ. ( അവന് ചെയ്ഞ്ച് വേണമത്രെ, ചെയ്ഞ്ച്! - 'അമ്മ)
എന്തായാലും ആഴ്ചയിൽ ചുരുങ്ങിയത് 3 ദിവസമെങ്കിലും ദോശ വിട്ടൊരു കളിയില്ല എന്ന് പറയാം.


കാര്യങ്ങൾ അങ്ങനെയൊക്കെയായിരിക്കെ വീണ്ടും ദോശ കഴിക്കാൻ ക്ഷണിച്ചപ്പോ എന്റെ വായിൽനിന്ന് പെട്ടെന്ന്  വന്നുപോയതായിരുന്നു ആ മറുപടി.

എന്നാൽ എന്റെ ആ  മറുപടി കേട്ട മേൽശാന്തി , തിരിച്ച് എന്നോട് ഒരു കഥ പറയുകയാണ് ഉണ്ടായത്.
 
രാവണ വധത്തിന് ശേഷം വിഭീഷണൻ ലങ്ക ഭരിക്കുന്ന കാലം. രാജ്യമങ്ങനെ സമ്പൽ സമൃദ്ധിയിൽ ആറാടി നിൽക്കുന്നു. അങ്ങനെയുള്ള ലങ്ക സന്ദര്ശിക്കാനായി പോയ ഒരു ബ്രാഹ്മണൻ ഇതെല്ലാം കണ്ട് അമ്പരന്നു. അദ്ദേഹം ചുറ്റും നോക്കുമ്പോ കാണുന്നതെല്ലാം സ്വർണ്ണ മയം. സ്വർണ്ണം കൊണ്ടുള്ള പാത്രങ്ങൾ,ഉപകരണങ്ങൾ,വസ്തുക്കൾ എന്നുവേണ്ട രാജ്യമാകെ സമ്പൽ സമൃദ്ധം. 

'കൊള്ളാം. ഇത്രയും ഐശ്വര്യപൂർണ്ണമായ ഈ രാജ്യത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താവും?' 

അത് അറിയാൻ അദ്ദേഹത്തിന്റെ മനസ്സ് കൊതിച്ചു. തന്റെ ആഗ്രഹം രാജാവിന് മുന്നിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ മുന്നിലേക്ക് പട്ടിൽ പൊതിഞ്ഞ് ആ അമൂല്യ വസ്തു എത്തി.

ഇരുമ്പിന്റെ ഒരു ആണി!

(ഐശ്വര്യം കൂടിക്കൂടി അതിന്റെ വില ജനങ്ങൾക്ക് മനസ്സിലാവാതായി.  അവർ അറിഞ്ഞിട്ടില്ലാത്തത് ദാരിദ്ര്യം ആണ്)

കഥ അവിടെ കഴിഞ്ഞു. അതിലെ കാര്യം  പെട്ടെന്ന് തന്നെ എന്റെ ഉള്ളിൽ തെളിഞ്ഞു എന്നതാണ് വാസ്തവം. 

അതിന് ശേഷം മേൽശാന്തി പറഞ്ഞു.

"ഞാനൊക്കെ എന്റെ  ചെറുപ്പകാലത്ത് ദോശ കണ്ടിട്ടുകൂടിയില്ല. അമ്പലത്തിലെ നിവേദ്യം ഇല്ലത്ത് കൊണ്ടുപോയി വേവിച്ച് ഉരുളകളാക്കി മുളക് കൂട്ടി കഴിക്കും. ദോശയൊക്കെ കാണുന്നത് തന്നെ എനിക്കൊരു 21 വയസ്സൊക്കെ ആയപ്പോ ആണ്. അത് തന്നെ വർഷത്തിൽ വിശേഷ ദിവസങ്ങളിലോ മറ്റോ കിട്ടിയാൽ ഭാഗ്യം"
 
പെട്ടെന്ന് ഒന്നും പറയാൻ ഇല്ലാതെ ഞാൻ കുറച്ച് നേരം നിന്നു . തിരികെ പോകുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തോട് പറഞ്ഞു : 

" എനിക്കും ദോശ ഇഷ്ടമാണ് കേട്ടോ ഏട്ടാ "


"To a man with an empty stomach food is God" -Mahatma Gandhi












 

2 അഭിപ്രായങ്ങൾ: