2024, ജൂലൈ 9, ചൊവ്വാഴ്ച

Escape | പലായനം (Song)

mmmmm..

ഒരു തണൽ തേടി ഞാനെന്നിൽ നിന്നും 
അകലേക്ക് പോകുവാനാഗ്രഹിച്ചു 

ഒരു പാട്ടുമൂളി ഞാനെന്നുള്ളിലെ 
അഴലുകളൊക്കെയും മൂടിവെച്ചു 

പതിയെ ചിരിക്കുമാ പുഴപോലെയൊഴുകുവാൻ 

മെല്ലെത്തഴുകുമാ കാറ്റായ് പറക്കുവാൻ 

എല്ലാം മറന്നൊന്ന് പുഞ്ചിരിക്കാൻ 

മേഘമായ് മാറുവാനാഗ്രഹിച്ചു 
മഴയായ് പൊഴിയുവാനാഗ്രഹിച്ചു 


 ഒരു തണൽ തേടി ഞാനെന്നിൽ നിന്നും 
അകലേക്ക് പോകുവാനാഗ്രഹിച്ചു
ഞാനാഗ്രഹിച്ചു..

mmmmm..

ശാന്തമായ് ഏകനായ് 
ഒരു നിശാശലഭമായ് 
പൂവിലൊളിക്കുവാനാഗ്രഹിച്ചു 
പൂന്തേൻ നുകരുവാനാഗ്രഹിച്ചു 


തളരുന്ന സ്വരമോടെ 
നിറയുന്ന മിഴിയോടെ 
യാത്ര പറയുവാനാഗ്രഹിച്ചു 
സ്വയം 
ചെറുതെന്നു കരുതി ഞാൻ 
മാറിനിന്നു.

mmmmm..

ഒരു തണൽ തേടി ഞാനെന്നിൽ നിന്നും 
അകലേക്ക് പോകുവാനാഗ്രഹിച്ചു 
ഒരു പാട്ടുമൂളി ഞാനെന്നുള്ളിലെ 
അഴലുകളൊക്കെയും മൂടിവെച്ചു



2024, ജൂൺ 16, ഞായറാഴ്‌ച

മലയാളമേ.. (കവിത)

മനസ്സിൽ നിറയും മലയാളമേ..

 അലകളൊഴിയാത്തയാഴിതൻ തഴുകലും, 
നിറകതിർ നിറയുമായിടനാടിൻ വർണവും, 
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും 
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..

നിളയിലൊഴുകുമാ തെളിനീരും സുന്ദരം 
 ഹരിതമാമാരണ്യ -
നിരകളും  സുന്ദരം 
പൊൻകണിക്കൊന്നയും 
 തുമ്പയും തുളസിയും 
സംഗീതമുണരുമാ തിരു-
നടയുമങ്ങനെ 
മലയാളമഹിമകൾ പാടാൻ തുടങ്ങിയാ-
ലൊഴുകുന്ന പുഴപോലെയൊഴുകുമതന്നെന്നും.
 
സന്ധ്യയിൽ തെളിയുമാ പൊൻ -
വിളക്കും നിന്റെ -
ചന്ദനത്തിലകവും പുഞ്ചിരിയും 
പൊൻ കസവുനൂലിനാൽ നെയ്തൊരാ ചേലയും  
പൊൻപ്രഭ തൂകുമാ പൂമുഖവും 
മലയാള മങ്കമാരെന്നെന്നുമുലകിലെ അലസാക്ഷി തന്നെയതന്നെന്നുമങ്ങനെ.

കഠിനമാം മാരിയിൽ ഒഴുകുന്ന നൗകയായ് 
മഹാ -
മാരിയെ എതിരിടും മാനവ ശക്തിയായ്‌ 
മാലോകരേവരും വാഴ്ത്തിടുമൈക്യവും 
മലയാള മണ്ണിന്റെ പുണ്യമായ് നിറയട്ടെ.


 അലകളൊഴിയാത്തയാഴിതൻ തഴുകലും, 
നിറകതിർ നിറയുമായിടനാടിൻ വർണവും, 
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും 
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..

ഈ ധരണിയിലേകമാം സ്വർഗ്ഗലോകം