2024, ജൂൺ 16, ഞായറാഴ്‌ച

മലയാളമേ.. (കവിത)

മനസ്സിൽ നിറയും മലയാളമേ..

 അലകളൊഴിയാത്തയാഴിതൻ തഴുകലും, 
നിറകതിർ നിറയുമായിടനാടിൻ വർണവും, 
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും 
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..

നിളയിലൊഴുകുമാ തെളിനീരും സുന്ദരം 
 ഹരിതമാമാരണ്യ -
നിരകളും  സുന്ദരം 
പൊൻകണിക്കൊന്നയും 
 തുമ്പയും തുളസിയും 
സംഗീതമുണരുമാ തിരു-
നടയുമങ്ങനെ 
മലയാളമഹിമകൾ പാടാൻ തുടങ്ങിയാ-
ലൊഴുകുന്ന പുഴപോലെയൊഴുകുമതന്നെന്നും.
 
സന്ധ്യയിൽ തെളിയുമാ പൊൻ -
വിളക്കും നിന്റെ -
ചന്ദനത്തിലകവും പുഞ്ചിരിയും 
പൊൻ കസവുനൂലിനാൽ നെയ്തൊരാ ചേലയും  
പൊൻപ്രഭ തൂകുമാ പൂമുഖവും 
മലയാള മങ്കമാരെന്നെന്നുമുലകിലെ അലസാക്ഷി തന്നെയതന്നെന്നുമങ്ങനെ.

കഠിനമാം മാരിയിൽ ഒഴുകുന്ന നൗകയായ് 
മഹാ -
മാരിയെ എതിരിടും മാനവ ശക്തിയായ്‌ 
മാലോകരേവരും വാഴ്ത്തിടുമൈക്യവും 
മലയാള മണ്ണിന്റെ പുണ്യമായ് നിറയട്ടെ.


 അലകളൊഴിയാത്തയാഴിതൻ തഴുകലും, 
നിറകതിർ നിറയുമായിടനാടിൻ വർണവും, 
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും 
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..

ഈ ധരണിയിലേകമാം സ്വർഗ്ഗലോകം 

1 അഭിപ്രായം:

  1. ഭൂമിയിലെ സ്വർഗമായ കേരള ത്തെക്കുറിച്ചുള്ള വർണ്ണനായാണ് ഈ വരികളിൽ.

    ഒരിക്കലും നിലയ്ക്കാത്ത അലകൾ തിരതല്ലുന്ന ആഴിയുടെ തഴുകലും കതിർക്കുലകൾ നിറഞ്ഞു നിൽക്കുന്ന ഇടനാടിന്റെ സൗന്ദര്യവും കാവലായി നിൽക്കുന്ന സഹ്യപർവ്വതത്തിന്റെ കരുതലും ഭൂമിയിലെ സ്വർഗമാക്കി ഈ നാടിനെ മാറ്റുന്നു

    നിളാ നദിയുടെ സൗന്ദര്യവും പച്ച പരവതാനി വിരിച്ച നിരകളും കാടുകളും ഈ നാടിനെ മനോജ്ഞമാക്കുന്നു.

    കണിക്കൊന്നയും തുമ്പയും തുളസിയും സംഗീതമുണർത്തുന്ന നാടിന്റെ മാഹാത്മ്യം അവർണ്ണനീയം.

    സന്ധ്യ നേരത്തെ പൊൻ വിളക്കേന്തി, ചന്ദനതിലകം ചാർത്തി, കസവു ചേല ചുറ്റി പൊൻ പ്രഭ ചൊരിഞ്ഞെത്തുന്ന മലയാള സ്ത്രീകളുടെ സൗന്ദര്യം അവർണനീയം!

    പേമാരിയിലും തളരാതെ ഒററക്കെട്ടായി ഏതു മഹാമാരിയേയും നേരിടുന്ന മലയാളത്തിന്റെ ഐക്യം മാലോകരെല്ലാം പുകഴ്ത്തുന്നതാണ്. ഭൂമിയിലെ സ്വർഗം തന്നെ ഈ നാട് !


    Thank You Jose Sir for this Amazing Review. This Will Be the Best award for an amateur wtiter like me.

    മറുപടിഇല്ലാതാക്കൂ