മനസ്സിൽ നിറയും മലയാളമേ..
അലകളൊഴിയാത്തയാഴിതൻ തഴുകലും,
നിറകതിർ നിറയുമായിടനാടിൻ വർണവും,
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..
നിളയിലൊഴുകുമാ തെളിനീരും സുന്ദരം
ഹരിതമാമാരണ്യ -
നിരകളും സുന്ദരം
പൊൻകണിക്കൊന്നയും
തുമ്പയും തുളസിയും
സംഗീതമുണരുമാ തിരു-
നടയുമങ്ങനെ
മലയാളമഹിമകൾ പാടാൻ തുടങ്ങിയാ-
ലൊഴുകുന്ന പുഴപോലെയൊഴുകുമതന്നെന്നും.
സന്ധ്യയിൽ തെളിയുമാ പൊൻ -
വിളക്കും നിന്റെ -
ചന്ദനത്തിലകവും പുഞ്ചിരിയും
പൊൻ കസവുനൂലിനാൽ നെയ്തൊരാ ചേലയും
പൊൻപ്രഭ തൂകുമാ പൂമുഖവും
മലയാള മങ്കമാരെന്നെന്നുമുലകിലെ അലസാക്ഷി തന്നെയതന്നെന്നുമങ്ങനെ.
കഠിനമാം മാരിയിൽ ഒഴുകുന്ന നൗകയായ്
മഹാ -
മാരിയെ എതിരിടും മാനവ ശക്തിയായ്
മാലോകരേവരും വാഴ്ത്തിടുമൈക്യവും
മലയാള മണ്ണിന്റെ പുണ്യമായ് നിറയട്ടെ.
അലകളൊഴിയാത്തയാഴിതൻ തഴുകലും,
നിറകതിർ നിറയുമായിടനാടിൻ വർണവും,
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..
ഈ ധരണിയിലേകമാം സ്വർഗ്ഗലോകം