2019, ജൂലൈ 20, ശനിയാഴ്‌ച

Movie Review 26: Chernobyl(TV Series)

Chernobyl

 അങ്ങനെ ഇന്ന് HBO Miniseries Chernobyl ന്റെ 5-ആമത്തേതും അവസാനത്തേത്തുമായ എപ്പിസോഡ് കണ്ടു.

 ഒരു Overall അഭിപ്രായം പറയുന്നതിന് മുൻപ് ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭാവനയിൽ നിന്നും സൃഷ്ടിച്ചെടുത്ത കഥയോ,ഒരു Myth/ ഇതിഹാസ/പുരാണ കഥയോ അല്ല ഇതിലുള്ളത്. തികച്ചും യദാർത്ഥ സംഭവങ്ങളെ ഏതാണ്ട് അതേപടി ആവിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. 'അതേപടി' എന്നു പറയാൻ കാരണമുണ്ട്. അത് അവസാനം പറയാം.
 Ep1. 
 ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കുന്ന വാർദ്ധക്യത്തോടടുക്കുന്ന വ്യക്തി- ഈ സീനോടെ ആണ് തുടക്കം.

 ചേർണോബിൽ ആണവനിലയത്തിലെ സ്ഫോടനവും തുടർന്ന് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളും , അതിന്  നേതൃത്വം നൽകാനായി ക്ഷണിക്കപ്പെടുന്ന വലേറി ലഗാസോവ് എന്ന ആണവ ശാസ്ത്രജ്ഞന്റെ രംഗപ്രവേശനവും ആണ് പ്രധാനമായും കാണിക്കുന്നത്.
 ബോറിസ് എന്ന , ആണവ നിലയത്തിന്റെ നിയന്ത്രണ ചുമതലയുള്ള, മന്ത്രിസഭയിൽ നിന്നുള്ള ഉദ്യോഗസ്ഥനും ഒപ്പമുണ്ട് .
 വലേറിക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമുള്ള സാമഗ്രികൾ എത്തിക്കാൻ സർക്കാരിന്റെ അനുവാദം വാങ്ങിക്കുന്നത് ബോറിസാണ്.

Ep.2
  ആണവനിലയത്തിലെ വർദ്ധിച്ചുവരുന്ന വികിരണ തോതും അതിനെ നിയന്ത്രിക്കാനെടുക്കുന്ന നടപടികളും. അതിന് പ്രധാന വെല്ലുവിളിയാവുന്ന രാഷ്ട്രീയ ഇടപെടലുകളും എടുത്തുകാണിക്കുന്നു.  ഈ എപ്പിസോഡോടെ Chernobyl , IMDB-യിലെ Top rated series ആയി മാറി. ഒരു നിമിഷം കണ്ണെടുക്കാനാവാത്തത്ര മികച്ച ത്രില്ലർ എപ്പിസോഡ്.

Ep.3
തകർന്ന നിലയത്തിലെ തുടർന്നുള്ള ശുചീകരണപ്രവർത്തനങ്ങൾ.  എങ്ങനെ  ഒരു RBMK Reactor(High Power Channel-type Reactor, RBMK- Short form of its Russian name)
 പൊട്ടിത്തെറിക്കുമെന്ന ചോദ്യത്തിനുത്തരം നൽകാൻ വാലേറിക്ക് ആവുന്നില്ല. തുടർന്ന് ഉലാന കോമ്യുക് എന്ന ന്യൂക്ലിയർ ഫിസിസിസ്റ്റ് നെ അത് കണ്ടെത്താൻ വലേറി ഏൽപ്പിക്കുന്നു.

Ep 4 
 ഉലാനയുടെ അന്വേഷണവും ചേർണോബിൽ ഏരിയയിൽ നടക്കുന്ന Evacuation ഉം ആണ് പ്രധാനമായും കാണിച്ചിരിക്കുന്നത്.

Ep.5
 അതുവരെ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന എപ്പിസോഡ്. എങ്ങനെ RBMK Reactor Explosion സംഭവിക്കും, എന്തുകൊണ്ട് അത് സംഭവിച്ചു, എന്തുകൊണ്ട് വലേറി ആത്മഹത്യ ചെയ്തു, എല്ലാത്തിനും.

ശ്രദ്ധക്കുറവ് കൊണ്ടുണ്ടായ അപകടത്തെ മറച്ചുപിടിക്കാനായി സോവിയറ്റ് യൂണിയൻ നടത്തിയ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ രാഷ്ട്രീയ ഇടപെടലുകളുടെ ഭീകരതയും വ്യക്തമായി കാണിച്ചിരിക്കുന്നു.

Ending ആണ് ചിന്തിപ്പിക്കുന്ന തരത്തിൽ എടുത്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും യദാർത്ഥ ദുരന്തത്തിൽ എന്ത് സംഭവിച്ചു എന്നവർ കാണിക്കുന്നു. ആകെ കഥയ്ക്കായി അവർ സൃഷ്ടിച്ചത് Evacuation Process ൽ ഉള്ള ഒരു ക്യാരക്ടറിനെ മാത്രം . അതും ആ Process ന്റെ ഭീകരത കാണിക്കാൻ.
ബാക്കി എല്ലാവരും യദാർത്ഥത്തിൽ ഉണ്ടായിരുന്നവർ . യദാർത്ഥത്തിൽ നടന്ന കാര്യങ്ങൾ. അതുകൊണ്ടാണ് ആദ്യം 'അതേപടി ആവിഷ്കരിച്ചു' എന്ന് പറഞ്ഞത്.അതുകൊണ്ട് തന്നെ ആദ്യാന്തം ഇതിന് ഒരു ഭാവനാത്മക കഥയുടെ ത്രിൽ ഒന്നും തരാനായേക്കില്ല. എങ്കിലും 5 എപ്പിസോഡിൽ തീരുന്ന, വലിച്ചുനീട്ടലുകൾ ഇല്ലാത്ത , യദാർത്ഥ സംഭവത്തോട് നല്ല രീതിയിൽ നീതിപുലർത്തുന്ന  മികച്ച ഒരു സീരീസ്.

Movie Review: 25 : ജംഗിൾ - Jungle

യോസി ഗിൻസ്ബർഗ് എന്ന സാഹസികയാത്രികന്റെ യദാർത്ഥ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയിൽ. യദാർത്ഥത്തിൽ നടന്ന സംഭവങ്ങൾ, അദ്ദേഹം ഇതേപേരിൽ പുസ്തകമാക്കിയതിനെ ആസ്പദമാക്കി എടുത്ത ചിത്രം.

ജംഗിൾ-

ആമസോണ് മഴക്കാടുകളുടെ വന്യതയും മനോഹാരിതയും ഭീകരതയും എല്ലാം ചിത്രീകരിച്ചിരിക്കുന്ന ഒരു ത്രില്ലർ സിനിമ. ഉൾക്കാടുകളിലൂടെയുള്ള യാത്ര നമ്മൾ ഡിസ്കവറിയിലും അനിമൽ പ്ലാനറ്റിലുമൊക്കെ കണ്ടിട്ടുണ്ടാകാം.

കാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച്
യാദൃശ്ചികമായി  കണ്ടുമുട്ടുന്ന 4  പേര് സംഘമായി ഉൾക്കാടുകളിലേക്ക് യാത്ര തിരിക്കുന്നതാണ് സിനിമ. യോസി ഗിൻസ്ബർഗ്ഗ്,കെവിൻ,കാൾ, മാർക്കസ് എന്നിവർ. റെഡ് ഇന്ത്യൻസിന്റെ ജീവിതം കാണുക, ചിത്രങ്ങൾ പകർത്തുക, എല്ലാത്തിനുമുപരി ഒരു സാഹസിക അനുഭവം സ്വായത്തമാക്കുക എന്നീ ഉദ്ദേശങ്ങളോടെ 4 പേരും യാത്ര തിരിക്കുന്നു.

ദൃശ്യത്തിനെന്നപോലെ ശബ്ദത്തിനും വളരെയധികം പ്രാധാന്യമുള്ള സിനിമ. കാട്ടിലെ ചീവീടുകളുടെ, പുഴയിലെ ഒഴുക്കിന്റെ, പക്ഷികളുടെ,ജീവജാലങ്ങളുടെ, വന്യമൃഗ്രങ്ങളുടെ ,കാട്ടിലെ നിഗൂഢരാത്രിയുടെ..

കാട്ടിലേക്ക് നമ്മളെയും ഒരു പരിധിവരെ എത്തിക്കാൻ സംവിധായകനു സാധിച്ചു. കൂട്ടത്തിൽ
സംഘം ചേർന്ന് യാത്ര ചെയ്യുമ്പോഴുള്ള പരിക്കുകളും അഭിപ്രായ ഭിന്നതയും പ്രശ്നങ്ങളും, ഒറ്റപ്പെട്ട് പോകകുക,വഴിതെറ്റുക തുടങ്ങിയ പ്രശ്നങ്ങളും,മഴയും,സാഹസികതയും,വന്യമൃഗങ്ങളും..

ചിലപ്പോഴൊക്കെ സിനിമയോടൊപ്പം നമ്മളും യാത്രചെയ്യും.
 അതിഗംഭീരം എന്നൊന്നും പറയാനില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു നല്ല സർവൈവൽ ത്രില്ലർ മൂവി.


യോസി ആയി ഡാനിയേൽ റാഡ്ക്ലിഫ് വേഷമിടുന്നു.

2019, ജൂലൈ 8, തിങ്കളാഴ്‌ച

നിശ്ശബ്ദം

നിശ്ശബ്ദം

സമയം നട്ടുച്ചയായിരിക്കുന്നു. ക്ലോക്കിൽ ഒന്നരയാവാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി. തിങ്കളാഴ്‌ച ഒരു പ്രവൃത്തിദിവസമാണെങ്കിലും പ്രവർത്തിക്കാൻ ജോലിയില്ലാത്തവർക്ക് അത് എല്ലാദിവസങ്ങളും പോലെ ഒരു സാധാരണ ദിനം മാത്രം.

 വെയിൽ ഇടവിട്ടിടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. തെളിഞ്ഞ ആകാശത്തിൽ  വെളുത്ത മേഖങ്ങൾ . കാറ്റുവീശുന്നെങ്കിലും അവ ചലിക്കുന്നുണ്ടായിരുന്നില്ല. പറമ്പിലെ മരങ്ങൾക്കിടയിൽ നിന്ന് ചീവീടുകളുടെയും കാക്കകളുടെയും ശബ്ദം കേൾക്കാം. ഇതിനിടയിലൂടെ ചിലപ്പോഴൊക്കെ മറ്റേതൊക്കെയോ പറവകളുടെ ശബ്ദവുമുണ്ട്. അടുക്കളഭാഗത്ത് ഉച്ചഭക്ഷണം തയാറാക്കുന്നതിന്റെ ഭാഗമായുള്ള ശബ്ദങ്ങൾ.

കണ്ണുകൾ പതിയെ അടച്ച് ചുറ്റുമുള്ള ശബ്ദങ്ങളിലൂടെ ചുറ്റുപാടിനെ കാണാൻ നോക്കണം.
ചീവീടുകളുടെയും പക്ഷികളുടെയും മാത്രമല്ല, തൊട്ടടുത്തുകൂടിയുള്ള ആരുടെയൊക്കെയോ നടത്തം, കാറ്റ്, പ്ലാസ്റ്റിക്ക് കവറുകളുടെ ഞെരുക്കം,കർട്ടനുകളുടെ ചലനം, റഫ്രിജറേറ്ററിന്റെ പ്രവർത്തനം, ക്ളോക്കിലെ സെക്കന്റസൂചിയുടെ ശബ്ദം. ഒന്നുകഴിയുമ്പോൾ അടുത്തതിനായി നമ്മൾ കാതോര്ക്കും.  തൊട്ടടുത്തുള്ള സ്വരങ്ങൾക്കൊപ്പം  റോഡിലൂടെ പോകുന്ന ബസ്സിന്റെ ശബ്ദവും ബുള്ളറ്റിന്റെ ശബ്ദവും ദൂരെ എങ്ങുനിന്നോ ഉള്ള നായകളുടെ കുരയും വരെ കേൾക്കാം..
കോഴികൾ എന്തിനാണാവോ ഈ നട്ടുച്ചയ്ക്ക് കരയുന്നത്. ഇടയ്ക്ക് അതും കേൾക്കാം.

 പിന്നീടെപ്പോഴോ എല്ലാ ശബ്ദത്തിനെയും ഭേദിച്ച് മിക്സി അലമുറയിട്ട് കരയുന്നു.   ഉച്ചയിലെ ചൂട് കനത്തെന്നു തോന്നുന്നു. ടേബിൾഫാനിന്റെ ശബ്ദം കേട്ടുതുടങ്ങി.

ഇത് നിശ്ശബ്ദതയാണോ.

 ഇഴഞ്ഞുനീങ്ങുന്ന സമയത്തിന്റെ പിന്നാലെ പതിയെ നീങ്ങിയാൽ ആ സത്യം മനസ്സിലാവും. പ്രകൃതിയിൽ നിശ്ശബ്ദത എന്നൊന്നില്ല. പുറത്തുനിന്നുള്ള എല്ലാ ശബ്ദങ്ങളെയും തടഞ്ഞ്,ഏറ്റവും നിശ്ശബ്ദം എന്നു കരുതുന്ന ഒരൊറ്റപ്പെട്ട മുറിയിൽ അടച്ചിരുന്നാലും നമുക്ക് നിശ്ശബ്ദതയെ കൂട്ടുപിടിക്കാനാവില്ല.
അങ്ങനെയൊരവസ്ഥയിൽ  നമ്മുടെ സ്വന്തം ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നമുക്ക് കേൾക്കാനാവും.

പ്രകൃതിയിൽ നിശ്ശബ്ദത എന്നൊന്നില്ല