2019, ജൂലൈ 8, തിങ്കളാഴ്‌ച

നിശ്ശബ്ദം

നിശ്ശബ്ദം

സമയം നട്ടുച്ചയായിരിക്കുന്നു. ക്ലോക്കിൽ ഒന്നരയാവാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കി. തിങ്കളാഴ്‌ച ഒരു പ്രവൃത്തിദിവസമാണെങ്കിലും പ്രവർത്തിക്കാൻ ജോലിയില്ലാത്തവർക്ക് അത് എല്ലാദിവസങ്ങളും പോലെ ഒരു സാധാരണ ദിനം മാത്രം.

 വെയിൽ ഇടവിട്ടിടവിട്ട് കൂടുകയും കുറയുകയും ചെയ്യുന്നുണ്ട്. തെളിഞ്ഞ ആകാശത്തിൽ  വെളുത്ത മേഖങ്ങൾ . കാറ്റുവീശുന്നെങ്കിലും അവ ചലിക്കുന്നുണ്ടായിരുന്നില്ല. പറമ്പിലെ മരങ്ങൾക്കിടയിൽ നിന്ന് ചീവീടുകളുടെയും കാക്കകളുടെയും ശബ്ദം കേൾക്കാം. ഇതിനിടയിലൂടെ ചിലപ്പോഴൊക്കെ മറ്റേതൊക്കെയോ പറവകളുടെ ശബ്ദവുമുണ്ട്. അടുക്കളഭാഗത്ത് ഉച്ചഭക്ഷണം തയാറാക്കുന്നതിന്റെ ഭാഗമായുള്ള ശബ്ദങ്ങൾ.

കണ്ണുകൾ പതിയെ അടച്ച് ചുറ്റുമുള്ള ശബ്ദങ്ങളിലൂടെ ചുറ്റുപാടിനെ കാണാൻ നോക്കണം.
ചീവീടുകളുടെയും പക്ഷികളുടെയും മാത്രമല്ല, തൊട്ടടുത്തുകൂടിയുള്ള ആരുടെയൊക്കെയോ നടത്തം, കാറ്റ്, പ്ലാസ്റ്റിക്ക് കവറുകളുടെ ഞെരുക്കം,കർട്ടനുകളുടെ ചലനം, റഫ്രിജറേറ്ററിന്റെ പ്രവർത്തനം, ക്ളോക്കിലെ സെക്കന്റസൂചിയുടെ ശബ്ദം. ഒന്നുകഴിയുമ്പോൾ അടുത്തതിനായി നമ്മൾ കാതോര്ക്കും.  തൊട്ടടുത്തുള്ള സ്വരങ്ങൾക്കൊപ്പം  റോഡിലൂടെ പോകുന്ന ബസ്സിന്റെ ശബ്ദവും ബുള്ളറ്റിന്റെ ശബ്ദവും ദൂരെ എങ്ങുനിന്നോ ഉള്ള നായകളുടെ കുരയും വരെ കേൾക്കാം..
കോഴികൾ എന്തിനാണാവോ ഈ നട്ടുച്ചയ്ക്ക് കരയുന്നത്. ഇടയ്ക്ക് അതും കേൾക്കാം.

 പിന്നീടെപ്പോഴോ എല്ലാ ശബ്ദത്തിനെയും ഭേദിച്ച് മിക്സി അലമുറയിട്ട് കരയുന്നു.   ഉച്ചയിലെ ചൂട് കനത്തെന്നു തോന്നുന്നു. ടേബിൾഫാനിന്റെ ശബ്ദം കേട്ടുതുടങ്ങി.

ഇത് നിശ്ശബ്ദതയാണോ.

 ഇഴഞ്ഞുനീങ്ങുന്ന സമയത്തിന്റെ പിന്നാലെ പതിയെ നീങ്ങിയാൽ ആ സത്യം മനസ്സിലാവും. പ്രകൃതിയിൽ നിശ്ശബ്ദത എന്നൊന്നില്ല. പുറത്തുനിന്നുള്ള എല്ലാ ശബ്ദങ്ങളെയും തടഞ്ഞ്,ഏറ്റവും നിശ്ശബ്ദം എന്നു കരുതുന്ന ഒരൊറ്റപ്പെട്ട മുറിയിൽ അടച്ചിരുന്നാലും നമുക്ക് നിശ്ശബ്ദതയെ കൂട്ടുപിടിക്കാനാവില്ല.
അങ്ങനെയൊരവസ്ഥയിൽ  നമ്മുടെ സ്വന്തം ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും നമുക്ക് കേൾക്കാനാവും.

പ്രകൃതിയിൽ നിശ്ശബ്ദത എന്നൊന്നില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ