2024, ജൂലൈ 9, ചൊവ്വാഴ്ച

Escape | പലായനം (Song)

mmmmm..

ഒരു തണൽ തേടി ഞാനെന്നിൽ നിന്നും 
അകലേക്ക് പോകുവാനാഗ്രഹിച്ചു 

ഒരു പാട്ടുമൂളി ഞാനെന്നുള്ളിലെ 
അഴലുകളൊക്കെയും മൂടിവെച്ചു 

പതിയെ ചിരിക്കുമാ പുഴപോലെയൊഴുകുവാൻ 

മെല്ലെത്തഴുകുമാ കാറ്റായ് പറക്കുവാൻ 

എല്ലാം മറന്നൊന്ന് പുഞ്ചിരിക്കാൻ 

മേഘമായ് മാറുവാനാഗ്രഹിച്ചു 
മഴയായ് പൊഴിയുവാനാഗ്രഹിച്ചു 


 ഒരു തണൽ തേടി ഞാനെന്നിൽ നിന്നും 
അകലേക്ക് പോകുവാനാഗ്രഹിച്ചു
ഞാനാഗ്രഹിച്ചു..

mmmmm..

ശാന്തമായ് ഏകനായ് 
ഒരു നിശാശലഭമായ് 
പൂവിലൊളിക്കുവാനാഗ്രഹിച്ചു 
പൂന്തേൻ നുകരുവാനാഗ്രഹിച്ചു 


തളരുന്ന സ്വരമോടെ 
നിറയുന്ന മിഴിയോടെ 
യാത്ര പറയുവാനാഗ്രഹിച്ചു 
സ്വയം 
ചെറുതെന്നു കരുതി ഞാൻ 
മാറിനിന്നു.

mmmmm..

ഒരു തണൽ തേടി ഞാനെന്നിൽ നിന്നും 
അകലേക്ക് പോകുവാനാഗ്രഹിച്ചു 
ഒരു പാട്ടുമൂളി ഞാനെന്നുള്ളിലെ 
അഴലുകളൊക്കെയും മൂടിവെച്ചു



2024, ജൂൺ 16, ഞായറാഴ്‌ച

മലയാളമേ.. (കവിത)

മനസ്സിൽ നിറയും മലയാളമേ..

 അലകളൊഴിയാത്തയാഴിതൻ തഴുകലും, 
നിറകതിർ നിറയുമായിടനാടിൻ വർണവും, 
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും 
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..

നിളയിലൊഴുകുമാ തെളിനീരും സുന്ദരം 
 ഹരിതമാമാരണ്യ -
നിരകളും  സുന്ദരം 
പൊൻകണിക്കൊന്നയും 
 തുമ്പയും തുളസിയും 
സംഗീതമുണരുമാ തിരു-
നടയുമങ്ങനെ 
മലയാളമഹിമകൾ പാടാൻ തുടങ്ങിയാ-
ലൊഴുകുന്ന പുഴപോലെയൊഴുകുമതന്നെന്നും.
 
സന്ധ്യയിൽ തെളിയുമാ പൊൻ -
വിളക്കും നിന്റെ -
ചന്ദനത്തിലകവും പുഞ്ചിരിയും 
പൊൻ കസവുനൂലിനാൽ നെയ്തൊരാ ചേലയും  
പൊൻപ്രഭ തൂകുമാ പൂമുഖവും 
മലയാള മങ്കമാരെന്നെന്നുമുലകിലെ അലസാക്ഷി തന്നെയതന്നെന്നുമങ്ങനെ.

കഠിനമാം മാരിയിൽ ഒഴുകുന്ന നൗകയായ് 
മഹാ -
മാരിയെ എതിരിടും മാനവ ശക്തിയായ്‌ 
മാലോകരേവരും വാഴ്ത്തിടുമൈക്യവും 
മലയാള മണ്ണിന്റെ പുണ്യമായ് നിറയട്ടെ.


 അലകളൊഴിയാത്തയാഴിതൻ തഴുകലും, 
നിറകതിർ നിറയുമായിടനാടിൻ വർണവും, 
കാവലായ് നിൽക്കുമാ സഹ്യന്റെ കരുതലും 
ധരണിയിലീയിടം സ്വർഗ്ഗമായ് മാറ്റുന്നു..

ഈ ധരണിയിലേകമാം സ്വർഗ്ഗലോകം 

2022, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

സംഗീത സംവിധാനം!

പാട്ട്.

അത് ഇഷ്ടപ്പെടാത്തവരായി നമ്മളിൽ ആരും തന്നെ കാണില്ല. ഒരിക്കലെങ്കിലും ഒരു പാട്ട് മൂളാത്തവരും ചുരുക്കമായിരിക്കും. 
എന്നാൽ നമ്മളിലെത്ര പേര് ഒരു പാട്ട് ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്?

ഒരു പാട്ട് Compose ചെയ്യാൻ...

 അങ്ങനൊരു സാഹസം ഒരിക്കലെനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. 

സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി പ്രത്യേകിച്ച് ഒരിടത്തേക്കും ഞാൻ പോയിട്ടില്ല. പഠിക്കണം എന്ന ആഗ്രഹവുമായി ഞാനങ്ങനെയിരുന്നു.. പഠിച്ചില്ല.
 സിനിമാ പാട്ടുകൾ കൂടാതെ ക്‌ളാസിക്കൽ സെമി ക്‌ളാസിക്കൽ ഐറ്റംസും എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ ഇതൊക്കെ Create ചെയ്യുന്നവരെ ലേശം അത്ഭുതത്തോടെ തന്നെയായിരുന്നു അന്നും ഇന്നും എന്നും ഞാൻ കണ്ടിരുന്നത്.

 ശൂന്യതയിൽ സൃഷ്ടിക്കപ്പെടുന്ന ശബ്ദം പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തിയാൽ അത് ആസ്വാദ്യകരമായി തീരുമെന്ന് കണ്ടുപിടിച്ചതാരാവാം..

അതിപ്പോ ആരാണെങ്കിലും സംഗീതത്തോടുള്ള എന്റെ തീവ്രമായ ഇഷ്ടം കൊണ്ടുതന്നെ ഒരിക്കലെങ്കിലും  ഒരു പാട്ട് സ്വയം ഉണ്ടാക്കണമെന്ന് ഒരാഗ്രഹം എന്റെ ഉള്ളിലെവിടെയോ ഉറങ്ങിക്കിടപ്പുണ്ടായിരുന്നു...

അങ്ങനെയിരിക്കുമ്പോഴാണ് എഞ്ചിനീയറിംഗ് ഫൈനൽ ഇയർ ആർട്‌സ് ഡേ വരുന്നത്. ഞാനങ്ങനെ പ്രത്യേകിച്ച് പരിപാടികളിലൊന്നും പങ്കെടുക്കാറില്ലെങ്കിലും ഒട്ടും പ്രതീക്ഷിക്കാതെ ഒരു കാര്യമാണ്   സുഹൃത്ത് വന്ന് അന്നെന്നോട് ആവശ്യപ്പെട്ടത്. ആർട്‌സ് ഡേയ്ക്ക് അവതരിപ്പിക്കുന്ന
അവരുടെ നാടകത്തിനോ മറ്റോ ഒരു പാട്ട് ഞാൻ ഉണ്ടാക്കി കൊടുക്കണം എന്ന്..!

 കോളേജിലും ഹോസ്റ്റാലിലുമായി ലൈഫ് അതിനോടകം തന്നെ
മൂന്നു മൂന്നര കൊല്ലം ആയത്കൊണ്ട്  പാട്ടിനോടുള്ള എന്റെ പ്രത്യേക താത്പര്യം സുഹൃത്തുക്കൾക്ക് അന്ന് മനസ്സിലായിരിക്കണം. .

 അതുകൊണ്ടാവണം അവരിൽ നിന്ന് അത്തരത്തിലൊരാവശ്യം എന്റെ മുന്നിലെത്തിയത്..

ഇതിപ്പോ എന്താ ചെയ്യണ്ടേ എന്ന് എനിക്കൊരു ഐഡിയയും ആദ്യം കിട്ടിയില്ല.  ശക്തമായ നിര്ബന്ധത്തിനൊടുവിൽ 
(അതേന്ന്.. സത്യമായും ശ്യാം കൃഷ്ണ എന്നൊരു സുഹൃത്ത് അന്ന് ഭീകരമായി നിർബന്ധിച്ചു. ) 
ഞാൻ ചെയ്യാം എന്ന് സമ്മതിച്ചു.

അതെങ്ങനെ?
പാട്ട് കേൾക്കാം. പാട്ട് പാടാനും ശ്രമിക്കാം. 
ഒരു പാട്ട് ഉണ്ടാക്കുന്നത് എങ്ങനെ? മ്യൂസിക് എങ്ങനെ ഉണ്ടാക്കും. വരികൾ എവിടെ നിന്ന് കിട്ടും?  

ഒരു പിടിയുമില്ലാതെ ഞാൻ സംഗതി ഏറ്റു. കാരണം , ഈ സുഹൃത്തുക്കൾ കശ്മലന്മാർ നിര്ബന്ധിച്ചാൽ നമ്മൾ എങ്ങനെ No എന്ന് തീർത്ത് പറയും..

ആ ഒരൊറ്റ കാരണത്തിൽ ഞാൻ Ok പറഞ്ഞു. 

ദിവസങ്ങൾ കടന്നുപോയി..
 Arts Day അടുത്തു വന്നു.
ഏതാണ്ട് ഒരാഴ്ച കൂടിയുള്ളപ്പോ വീണ്ടുമവർ വന്ന് പാട്ടിന്റെ കാര്യം എന്നോട് ചോദിച്ചു.
 
പാട്ടൊ
ഏത് പാട്ട്? ..

എന്ന് ചോദിക്കാൻ വന്ന ഞാൻ പെട്ടെന്ന് അത് വിഴുങ്ങി . 

എന്നിട്ട് പറഞ്ഞു. അത് ഇപ്പൊ ശരിയാക്കി തരും..
..
..
അന്ന് ഹോസ്റ്റലിൽ തിരിച്ചെത്തിയ ഞാൻ ആകെ Confused ആയിരുന്നു. 
എന്ത് ചെയ്യും.
ഒടുവിൽ ഒരു തീരുമാനത്തിൽ എത്തി.

മോഷണം.

ഒരു പാട്ട് അങ്ങ്ട് മോഷ്ടിക്കുക.
ആരും കേട്ടിട്ടില്ലാത്ത, എന്നാൽ എല്ലാവർക്കും ആസ്വദിക്കാവുന്ന ഒരു പാട്ട്. 
നാടകത്തിന്റെ Mood , Sentimental ആണ് എന്നവർ പറഞ്ഞത് വെച്ച് ഞാൻ ആ Type പാട്ടുകൾ ആലോചിക്കാൻ തുടങ്ങി.
മലയാളത്തിൽ നിന്ന് എടുത്താൽ അവർ തിരിച്ചറിയും. തമിഴും രക്ഷയില്ലായിരിക്കും. English ആണെങ്കിൽ ഞാനൊട്ട് കേൾക്കാറും ഇല്ല. 

ഹിന്ദി.  

ഹമാരാ രാഷ്ട്ര ഭാഷ. 

അധികം ആലോചിക്കാതെ തന്നെ ഒരു ഹിന്ദി പാട്ട് പെട്ടെന്ന് എന്റെ തലയിലേക്ക് വന്നു. 
അതും അധികം ആരും കേട്ടിട്ടുണ്ടാവാൻ യാതൊരു സാധ്യതയും ഇല്ലാത്ത പാട്ട്. എന്നാൽ മനോഹരമായി Compose ചെയ്തിരിക്കുന്ന മ്യുസിക്ക് ഉള്ള പാട്ട്..

 
 2008-2009 സമയത്ത്  സാക്ഷാൽ  A R Rahman ഉണ്ടാക്കിയ പാട്ട്. ലോകത്തിൽ ആദ്യമായി ഒരു മൊബൈൽ ഫോണിലൂടെ റിലീസ് ചെയ്ത മ്യുസിക് ആൽബം. Nokia Xpress Music എന്ന ഫോണിലൂടെ A R Rahman Compose ചെയ്ത് റിലീസ് ചെയ്ത മ്യൂസിക് ആൽബം ആയിരുന്നു Connections.

എന്നാൽ
മൊബൈലിലൂടെ റിലീസ് ചെയ്തതിനാലാവണം.  അധികം  ചലനം സൃഷ്‌ടിക്കാൻ അന്ന് ആ ആല്ബത്തിന് സാധിച്ചിരുന്നില്ല. അതിൽ ഉണ്ടായിരുന്ന മനോഹരമായ ഒരു പാട്ട്..
"Mann chandre nu raas na aave.."
 സെന്റിമെന്റൽ മൂഡ് പാട്ട്.

Listen song here:



ആഹാ. Tune സെറ്റ്.

 കാരണം അന്ന് (2011 സമയത്ത്) എനിക്കുറപ്പായിരുന്നു. കോളേജിലെ ആരും ഇത് കേട്ടിട്ടുണ്ടാവില്ല എന്ന്.
അത് മാത്രമല്ല, ഇനി അങ്ങോട്ട് കേൾക്കാനും സാധ്യത ഇല്ല(Internet ഒന്നും അത്ര സജീവമല്ലാതിരുന്ന കാലഘട്ടം.2008 ൽ ഇറങ്ങിയ Hit അല്ലാത്ത പാട്ട് 2011 ൽ എങ്ങനെ കേൾക്കാൻ). 

Tune ready.
 
ബട്ട്

വരികൾ. ട്യൂണ് മാത്രം പോരല്ലോ.
വരികൾ വേണം. Background Music Instruments വേണം.

വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. അതേ പാട്ടിന്റെ Karaoke തപ്പി Download ചെയ്തു. 

പിന്നല്ല!


Tune - Ok.
Music Instruments - Ok.

പിന്നെ വരികൾ മാത്രമായി പ്രശ്നം.
അതിപ്പോ അടിച്ചുമാറ്റാനും പറ്റില്ല.

രണ്ടും കൽപ്പിച്ച് ഒരു  പേനയും പേപ്പറും എടുത്ത് അങ്കത്തട്ടിലേക്ക് ഞാനിറങ്ങി.
പാട്ട് കേൾക്കുന്നു. മലയാളം വരി എഴുതുന്നു.. കേൾക്കുന്നു.. എഴുതുന്നു..

ആഹാ..
വയലാറെഴുതുവോ ഇതുപോലെ..

അങ്ങനെ വരികളും തട്ടിക്കൂട്ടി.
ഒടുവിൽ ഒരു പാട്ടിന് വേണ്ട എല്ലാം ആയി.
നേരത്തെ Download ചെയ്ത  കരോക്കെ ഒരു സ്പീക്കറിൽ Play ചെയ്ത് A R Rahman ന്റെ സംഗീതത്തിൽ ഞാൻ തന്നെ എന്റെ വരികൾ പാടി Record ചെയ്തു.!

ആഹാ. ആനന്ദ പുളകിത ഗാത്രനായി ഞാൻ തന്നെ എന്നിട്ട് അത് കേട്ടു.

അന്ന് ഞാനുണ്ടാക്കിയ ദുരന്തം.. ശേ. അല്ല . 
ആ പാട്ട് വേണോങ്കി ദിവിടെ കേൾക്കാം.


2011 സമയത്ത് Record ചെയ്ത് Upload ചെയ്ത ഐറ്റം ആണ്. 
 

പിറ്റേന്ന് ഇത് ഒരു Mp3 ഫയൽ ആയി സുഹൃത്തിന് കൈമാറി. പാട്ട് കേട്ടവർ കേട്ടവർ അന്തം വിട്ടു.

 "എന്നാലും ഇവൻ ഇത് എങ്ങനെ.. ?"

ഡൽഹിയിൽ നിന്ന് വന്ന് എന്റെ കോളേജിൽ ചേർന്ന എന്റെ  റൂം മേറ്റ്, പ്രിയപ്പെട്ട സുഹൃത്ത് ബിനുവിന് പോലും വിശ്വസിക്കാൻ  കഴിഞ്ഞില്ല.

 ഇതെങ്ങനെ??

എന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. പ്രതീക്ഷിച്ച പോലെ ആരും ആ പാട്ടിന്റെ ഒറിജിനൽ കേട്ടിട്ടുണ്ടായിരുന്നില്ല. 
പക്ഷെ, ആ ഒറിജിനാലാവട്ടെ, നല്ലൊരു പാട്ടും ആയിരുന്നു. 

അതുകൊണ്ടു തന്നെ സംഗതി, പാട്ട് മോഷണം  സക്‌സസ്.

 ഈ പാട്ട് ഉണ്ടാക്കാൻ എന്നോട് പറഞ്ഞ ആ സുഹൃത്ത്. അവൻ അന്ന് പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്. 'നമ്പൂരി. നിന്റെ പാട്ട്. അത് മനസ്സീന്ന് പോണില്ല.'

എല്ലാം റഹ്മാൻ സ്വാമി ടെ കാരുണ്യം..

പക്ഷെ സംഭവം ഇതുകൊണ്ടും തീർന്നില്ല.

റൂം മേറ്റ് ബിനു ഭായ് ക്ക് സംശയം മാറിയിട്ടില്ലായിരുന്നു. 'എന്നാലും ഇവനിതെങ്ങിനെ' എന്ന മട്ടിൽ അവൻ ഉള്ളിലെവിടെയോ ഒരു സംശയം ബാക്കി വെച്ചിരുന്നു. 
ഞാനാകട്ടെ എല്ലാം കഴിഞ്ഞതുകൊണ്ട് തന്നെ ആ സംഭവമേ വിട്ടു..

അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു.

ഹോസ്റ്റലിൽ കുളിക്കാൻ കയറിയപ്പോഴാണ് എന്നാണ് എന്റെ ഓർമ്മ. ഞാൻ ആസ്വദിച്ച് ഉറക്കെ പാടി..

 "Mann chandre nu raas na aave.."

ആഹാ. തീർന്ന്.

വെളിയിൽ നിന്ന് ഇത് കേട്ട ബിനു ഭായ് ഒന്നാം ലോക മഹായുദ്ധം ജയിച്ച സന്തോഷത്തിൽ ആറാടി. 

' നമ്പൂരി അടിച്ച് മാറ്റി. ഒറിജിനൽ ഹിന്ദിപ്പാട്ട്'.

ഞാൻ സംഭവം മനസ്സിലാക്കി വന്നപ്പോഴേക്കും എല്ലാം കയ്യീന്ന് പോയി.

എന്തായാലും അതുകൊണ്ട് ഒരു പാട്ട് ഉണ്ടാക്കുന്നതിലെ സർഗ്ഗാത്മകത. സംഗീതം സൃഷ്ടിക്കുന്നതിലെ Magic. എല്ലാം അന്ന് ആസ്വദിക്കാൻ പറ്റി  കോപ്പിയടി ആയിരുന്നെങ്കിലും..


 
 

 



2022, ഫെബ്രുവരി 9, ബുധനാഴ്‌ച

ഒരുവട്ടം കൂടിയെന്നോർമ്മകൾ..

മധുരമുള്ള ഓർമ്മകൾ എന്നും നമുക്ക് പ്രിയപ്പെട്ടതാണ്. കുട്ടിക്കാലത്തെയും യൗവനത്തിലെയുമെല്ലാം ഓർമ്മകളിലേക്ക് നാമെല്ലാം ഇടയ്ക്കിടെ എത്തിനോക്കാറുണ്ട്. 
ഒരുപക്ഷേ ചില സ്ഥലങ്ങൾ, ചിത്രങ്ങൾ , സംഭവങ്ങൾ അങ്ങനെ എന്തുമാവാം നമ്മെ ആ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോവുക. മധുരമുള്ള ആ നിമിഷങ്ങളിൽ മടങ്ങിയെത്താൻ നാമെല്ലാം ആഗ്രഹിക്കാറുമുണ്ട്. 
ഒരുപക്ഷേ അന്ന് 'ഇതെന്തൊരു സമയമാണീശ്വരാ' എന്നോർത്ത് നാം വേവലാതിപ്പെട്ടിട്ടുണ്ടാവാം. ഇന്നത് സുന്ദരമായ ഓരോർമ്മയായി അവശേഷിക്കുന്നുമുണ്ടാവാം.

 ഓർമകൾ..

നമ്മോടൊപ്പം അന്നുണ്ടായിരുന്ന പലരും ഇന്ന് നമ്മെ വിട്ട് പോയിട്ടുണ്ടാകാം. പുതിയ ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിട്ടുണ്ടാവാം.
സാഹചര്യങ്ങളും ജീവിതവും എല്ലാം മാറിയിട്ടുണ്ടാകാം..

എങ്കിലും..

 കണ്ണുകളടച്ച് പഴയ ആ ഓർമ്മകളിൽ കുറേ നേരത്തേക്കെങ്കിലും ജീവിക്കുന്നത് നാമെല്ലാം ഇഷ്ടപ്പെടുന്നില്ലേ?

ഒരിക്കലെങ്കിലും ആ ദിവസത്തിലേക്ക് മടങ്ങിയെത്താൻ നാം ആഗ്രഹിക്കുന്നില്ലേ? 

ഓർമ്മകൾ..
അത് അത്രമേൽ മധുരമുള്ളതായിരുന്നു എന്ന് നാമിന്ന് തിരിച്ചറിയുന്നില്ലേ?




ഏതാണ്ട് അഞ്ചാം ക്ലാസ് മുതലുള്ള ഓർമ്മകളാണ് എന്നിൽ ഇന്നും കുറെയെങ്കിലും മായാതെ നിൽക്കുന്നത്. നാട്ടിൻപുറത്തെ ഒരു സാധാരണ മലയാളം മീഡിയം സ്‌കൂളിൽ ഒരു ശരാശരി വിദ്യാർത്ഥിക്ക് ലഭിക്കുന്ന , സുന്ദരമായ എല്ലാ ഓർമകളും നിറഞ്ഞ ഒരു ബാല്യകാലം. സ്‌കൂളിന് തൊട്ടടുത്ത് വീടുണ്ടായിട്ടും ക്ലാസ്സിൽ ഏറ്റവും താമസിച്ചെത്തുന്ന വിദ്യാർഥി..
 ഉച്ചയ്ക്ക് വീട്ടിൽ ഉണ്ണാൻ എത്തുന്ന പതിവ് പ്ലസ് ടു വരെ ഞാൻ കൃത്യമായി തുടർന്ന് പോന്നു. വൈകുന്നേരങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ വീടിനുമുന്നിൽ തന്നെ പാടവും അമ്പലമുറ്റവും ഉണ്ടായിരുന്നത് വലിയ സൗകര്യമായിരുന്നു.
പോരാത്തതിന് സ്‌കൂളിലും വീടിന്റെ പരിസരങ്ങളിലുമായി ഇഷ്ടം പോലെ കൂട്ടുകാർ. എല്ലാവരും കളിക്കാൻ വീടിന് മുന്നിൽ എത്തും.  അഞ്ച്,ആറ്,ഏഴ് ക്ലാസുകളിലെ ഒപ്പം പഠിച്ച ഒരുവിധം എല്ലാ സുഹൃത്തുക്കളും എന്റെ വീട്ടിലും വന്നിട്ടുണ്ടായിരുന്നു. 
മധ്യവേനലവധിക്കാലത്ത്  നീണ്ടുനിവർന്നു കിടക്കുന്ന പാടങ്ങളിൽ നാട്ടുച്ചയ്ക്കുള്ള പൊള്ളുന്ന വെയിൽ കാര്യമാക്കാതെ ക്രിക്കറ്റിന്റെ വീറും വാശിയും ഒട്ടും ചോരാതെ നിറഞ്ഞ് കളിക്കാനുള്ള ഭാഗ്യം അന്നുണ്ടായി. സ്മാർട്ട് ഫോണിൽ കുരുങ്ങിക്കിടക്കുന്ന ഇന്നത്തെ കുട്ടികൾക്ക് അതൊക്കെ ചിന്തിക്കാനാകുമോ എന്ന് സംശയമാണ്. 

 പരിചയപ്പെട്ട എല്ലാവരും സുഹൃത്തുക്കളായിരുന്നു..

പാടത്തെ ക്രിക്കറ്റും സ്‌കൂൾ ഗ്രൗണ്ടിലെ ഫുട്‌ബോളും ..
ഒപ്പം കൂടാൻ കൂട്ടുകാരും..
ടി.വിയിലെ കാർട്ടൂൺ നെറ്റവർക്ക് ചാനലും, ക്യാരംസ്, പാമ്പും കോണിയും,ബിസിനസ്സ് ബാരൺ, ബാലഭൂമി, ബാലരമ, സുമംഗലയുടെ മിട്ടായിപ്പൊതി,പഞ്ചതന്ത്രം കഥകൾ, ഹോജ കഥകൾ, ബീർബൽ,തെന്നാലി രാമൻ...
ഓണാവധിക്കും ക്രിസ്മസ് അവധിക്കും മുടങ്ങാതെ നടക്കുന്ന അമ്മാത്ത് സന്ദർശനം. കസിൻസ് ഒത്തുകൂടുമ്പോ കാട്ടിക്കൂട്ടുന്ന വികൃതികൾ..


 ഒപ്പം
വിഡിയോ ഗെയിമും കംപ്യുട്ടറും..


ആഹാ..
അന്തസ്സ്!

മനോഹരമായ ഒരുപിടി ഓർമ്മകൾ.
ഇത്ര സമ്പുഷ്ടമായ ഒരു ബാല്യകാലം അധികം പേർക്ക് കിട്ടിയിട്ടുണ്ടാവില്ല. 

കൂട്ടുകാരിൽ ചിലർ ഉറ്റസുഹൃത്തുക്കളായി. മറ്റുചിലർ ഇന്ന് എവിടെയാണെന്നു പോലും അറിയില്ല. എങ്കിലും..
ബാല്യം ഇന്നും മധുരമുള്ളൊരോർമ്മയാണ്.

കവികൾക്ക് ബാല്യകാലം ഇത്ര പ്രിയപ്പെട്ടതാവാൻ കാരണവും മറ്റൊന്നല്ല. ബാല്യകാലവുമായി ബന്ധപ്പെട്ട ഓർമ്മകളെല്ലാം മധുരമുള്ളതാവും. മറക്കാനാവാത്ത , ഒരിക്കലും തിരികെ കിട്ടാത്ത മധുരമുള്ള ഓർമ്മകൾ..

നമുക്കെല്ലാമുണ്ടാവും ആ മധുരസ്മരണകൾ.


വരൂ..

കണ്ണുകളടയ്ക്കൂ..
ഒരിക്കൽ കൂടി നമുക്ക് കുട്ടികളാവാം..
ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ..
 





2021, ഡിസംബർ 5, ഞായറാഴ്‌ച

ദോശ - Dosa

ചില സംഭവങ്ങൾ അങ്ങനെയാണ്. അങ്ങനെയങ്ങ് ഇരിക്കുമ്പോ പെട്ടെന്നങ്ങ് സംഭവിക്കും. പിന്നെ മനസ്സിൽ അതങ്ങനെ കിടക്കും.

അന്നൊരു  ഞായറാഴ്ച. അതിരാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോകണം.തൊഴാൻ മാത്രമല്ല . അവിടെ കീഴ്ശാന്തി ആയതുകൊണ്ടുതന്നെ ആദ്യം എത്തേണ്ട ഉത്തരവാദിത്തം, ഹോമത്തിനുള്ള കാര്യങ്ങൾ തയ്യാറാക്കൽ തുടങ്ങിയ ചുമതലകൾ തീർക്കാൻ ഉണ്ട്. ഞായറാഴ്ച ആയതുകൊണ്ട് തന്നെ ആ ദിവസം രാവിലെ അമ്പലത്തിലെ ജോലികൾക്ക് ശേഷം എനിക്ക് തൊടുപുഴ ജ്വല്ലറിയിലേക്കും പോകണം.  ഏതാണ്ട് 2 മണിക്കൂർ നേരത്തെ പണി അവിടെയും  ഉണ്ട്. വീട്ടിലെത്തുമ്പോ ഏകദേശം 11 - 11.30 ആവും. 
 
 അമ്പലത്തിൽ  പഞ്ചാഭിഷേകം ഉൾപ്പടെ  രാവിലെ 5 മണിക്ക് തുടങ്ങിയ അന്നത്തെ പരിപാടികൾ ഏതാണ്ട് 9 മണി വരെ നീണ്ടു.
എല്ലാം കഴിഞ്ഞ് ഞാനും മേല്ശാന്തിയും പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. എനിക്ക്
ആ ദിവസം ജ്വല്ലറിയിലും പോകേണ്ടതുണ്ട് എന്നറിയാവുന്ന മേൽശാന്തി  എന്നോട് പറഞ്ഞു , 
" ഇല്ലത്തേക്ക് വന്നാൽ ദോശ കഴിച്ചിട്ട് പോകാം " 
 അദ്ദേഹത്തിന്റെ വീട്ടിലേക്ക് ചെന്നാൽ എനിക്ക് ദോശ തരാം, ജ്വല്ലറിയിൽ വിശന്നിരിക്കേണ്ട എന്ന്.

"ദോശ"

അത് കേട്ടപ്പോ  ഒന്നും ഓർക്കാതെ പെട്ടെന്ന് ഞാൻ പറഞ്ഞു  : 
" ദോശയോ. ജനിച്ച അന്ന് മുതൽ ദോശ മാത്രം തിന്ന് വളർന്ന എന്നോട് തന്നെ 'ദോശ തിന്നാൻ വാ' എന്ന് പറയണം അല്ലെ ചേട്ടാ"

അതേ. എന്റെ വീട്ടിൽ ഭൂരിഭാഗം ദിവസങ്ങളിലും ദോശ ആയിരുന്നു പ്രഭാത ഭക്ഷണം.  വളരെ ചെറുപ്പം മുതലേ അത് അങ്ങനെ തന്നെയാണ്. ദോശ എന്ന് കേട്ടാൽ തന്നെ എന്റെ പല സുഹൃത്തുക്കൾക്കും എന്റെ മുഖമാണത്രെ ഓർമ്മ വരിക.
ദോശയുടെ പേരിൽ ' ഇന്നും ദോശയോ' എന്നു മുദ്രാവാക്യം വിളിച്ച് പലതവണ പ്രക്ഷോഭങ്ങൾ ഞാൻ വീട്ടിൽ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും അമ്മയുടെ അടുത്ത് വിലപ്പോയിരുന്നില്ല. രാവിലെ ദോശ, വൈകിട്ട് കനം കുറഞ്ഞ നെയ്‌റോസ്റ്റ് ദോശ. ( അവന് ചെയ്ഞ്ച് വേണമത്രെ, ചെയ്ഞ്ച്! - 'അമ്മ)
എന്തായാലും ആഴ്ചയിൽ ചുരുങ്ങിയത് 3 ദിവസമെങ്കിലും ദോശ വിട്ടൊരു കളിയില്ല എന്ന് പറയാം.


കാര്യങ്ങൾ അങ്ങനെയൊക്കെയായിരിക്കെ വീണ്ടും ദോശ കഴിക്കാൻ ക്ഷണിച്ചപ്പോ എന്റെ വായിൽനിന്ന് പെട്ടെന്ന്  വന്നുപോയതായിരുന്നു ആ മറുപടി.

എന്നാൽ എന്റെ ആ  മറുപടി കേട്ട മേൽശാന്തി , തിരിച്ച് എന്നോട് ഒരു കഥ പറയുകയാണ് ഉണ്ടായത്.
 
രാവണ വധത്തിന് ശേഷം വിഭീഷണൻ ലങ്ക ഭരിക്കുന്ന കാലം. രാജ്യമങ്ങനെ സമ്പൽ സമൃദ്ധിയിൽ ആറാടി നിൽക്കുന്നു. അങ്ങനെയുള്ള ലങ്ക സന്ദര്ശിക്കാനായി പോയ ഒരു ബ്രാഹ്മണൻ ഇതെല്ലാം കണ്ട് അമ്പരന്നു. അദ്ദേഹം ചുറ്റും നോക്കുമ്പോ കാണുന്നതെല്ലാം സ്വർണ്ണ മയം. സ്വർണ്ണം കൊണ്ടുള്ള പാത്രങ്ങൾ,ഉപകരണങ്ങൾ,വസ്തുക്കൾ എന്നുവേണ്ട രാജ്യമാകെ സമ്പൽ സമൃദ്ധം. 

'കൊള്ളാം. ഇത്രയും ഐശ്വര്യപൂർണ്ണമായ ഈ രാജ്യത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തു എന്താവും?' 

അത് അറിയാൻ അദ്ദേഹത്തിന്റെ മനസ്സ് കൊതിച്ചു. തന്റെ ആഗ്രഹം രാജാവിന് മുന്നിൽ അവതരിപ്പിച്ച അദ്ദേഹത്തിന്റെ മുന്നിലേക്ക് പട്ടിൽ പൊതിഞ്ഞ് ആ അമൂല്യ വസ്തു എത്തി.

ഇരുമ്പിന്റെ ഒരു ആണി!

(ഐശ്വര്യം കൂടിക്കൂടി അതിന്റെ വില ജനങ്ങൾക്ക് മനസ്സിലാവാതായി.  അവർ അറിഞ്ഞിട്ടില്ലാത്തത് ദാരിദ്ര്യം ആണ്)

കഥ അവിടെ കഴിഞ്ഞു. അതിലെ കാര്യം  പെട്ടെന്ന് തന്നെ എന്റെ ഉള്ളിൽ തെളിഞ്ഞു എന്നതാണ് വാസ്തവം. 

അതിന് ശേഷം മേൽശാന്തി പറഞ്ഞു.

"ഞാനൊക്കെ എന്റെ  ചെറുപ്പകാലത്ത് ദോശ കണ്ടിട്ടുകൂടിയില്ല. അമ്പലത്തിലെ നിവേദ്യം ഇല്ലത്ത് കൊണ്ടുപോയി വേവിച്ച് ഉരുളകളാക്കി മുളക് കൂട്ടി കഴിക്കും. ദോശയൊക്കെ കാണുന്നത് തന്നെ എനിക്കൊരു 21 വയസ്സൊക്കെ ആയപ്പോ ആണ്. അത് തന്നെ വർഷത്തിൽ വിശേഷ ദിവസങ്ങളിലോ മറ്റോ കിട്ടിയാൽ ഭാഗ്യം"
 
പെട്ടെന്ന് ഒന്നും പറയാൻ ഇല്ലാതെ ഞാൻ കുറച്ച് നേരം നിന്നു . തിരികെ പോകുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തോട് പറഞ്ഞു : 

" എനിക്കും ദോശ ഇഷ്ടമാണ് കേട്ടോ ഏട്ടാ "


"To a man with an empty stomach food is God" -Mahatma Gandhi












 

2021, ജൂൺ 13, ഞായറാഴ്‌ച

Useful Government android apps.

 Useful Government apps.
1. eSanjeevaniOPD
 Use:  സർക്കാർ സംവിധാനമായ ഇ സഞ്ജീവനി ആപ്പ് ഉപയോഗിച്ച് ഗവണ്മെന്റ് ഡോക്ടേഴ്‌സിനെ വീട്ടിൽ ഇരുന്ന് വിഡിയോ കോൾ മുഖേന  സൗജന്യമായി Consult ചെയ്യാവുന്നതാണ്.
 How:
ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഓപ്പണ് ചെയ്യുക. Patient Registration ൽ ടച്ച് ചെയ്ത്
ശേഷം കാണുന്ന  സ്കീനിൽ General/Special OPD സെലക്ട് ചെയ്യാം.  അതിന് ശേഷം Name, age and other datas നൽകി മൊബൈലിൽ കിട്ടുന്ന OTP/Token Number ഉപയോഗിച്ച് Login ചെയ്യാം.
ലോഗിൻ ചെയ്തു കഴിഞ്ഞാൽ നമ്മൾ Queue ൽ പ്രവേശിക്കും. ശേഷം നമ്മുടെ അവസരം ആകുമ്പോൾ മൊബൈൽ റിങ്ങ് ചെയ്യുന്നു. അപ്പോൾ  സ്ക്രീനിൽ തെളിയുന്ന  Call Button ഉപയോഗിച്ച് ഡോക്ടറിനെ വിഡിയോ കാൾ വിളിക്കാവുന്നതാണ്.  വിവരങ്ങൾ പറഞ്ഞ ശേഷം ഡോക്ടർ  , മരുന്ന് ആപ്പിലൂടെ തന്നെ അയച്ച് തരുന്നു. ഇത് സ്ക്രീൻ ഷോട്ട് എടുക്കുകയോ Download(pdf) ചെയ്യുകയോ ചെയ്തു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാവുന്നതാണ്.
 
2. DigiLocker
 Use:  തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ്ങ് ലൈസൻസ്,ആധാർ കാർഡ്, പാൻ കാർഡ്,വണ്ടിയുടെ പുക,ഇൻഷുറൻസ് അങ്ങനെ ഗവണ്മെന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഡിജിറ്റൽ ആയി സൂക്ഷിക്കാൻ ഒരിടം. 
How:
പ്ലേ സ്റ്റോറിൽനിന്ന് ഡിജി ലോക്കർ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. തുടർന്ന് അക്കൗണ്ട് ഉണ്ടാക്കിയശേഷം ആധാർ നമ്പർ നൽകി ഡിജി ലോക്കർ പ്രവർത്തിപ്പിക്കാം. ആധാർ കാർഡ് മൊബൈൽ നമ്പരുമായി ബന്ധിപ്പിച്ച ആർക്കും സേവനം ഉപയോഗിക്കാം.

സർട്ടിഫിക്കറ്റുകൾ നേരിട്ട് ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കുന്നതിനെ 'ഇഷ്യൂഡ് ഡോക്യുമെന്റ്സ്' എന്നുവിളിക്കുന്നു. Issued Documents  എന്ന സെക്ഷൻ ആപ്പ് വിൻഡോയുടെ താഴെ കാണാവുന്നതാണ്.അവിടെ നാം അതുവരെ ആപ്പിൽ നൽകിയ ഡോക്യൂമെന്റ്‌സ് എല്ലാം കാണാവുന്നതാണ്. ആധാർകാർഡ്, ലൈസൻസ് നമ്പർ നൽകിയാൽ ഡിജിറ്റൽ പതിപ്പ് ഫോണിലെത്തും. സ്കാൻചെയ്ത ഏതു സർട്ടിഫിക്കറ്റുകളും സൂക്ഷിക്കാനായി 'അപ്ലോഡഡ് ഡോക്യുമെന്റ്സ്' എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ മതി. സർട്ടിഫിക്കറ്റുകളും രേഖകളും ഇങ്ങനെ സൂക്ഷിക്കാനാകും.

3.mParivahan
Use:
വാഹനത്തിന്റെ ആർ.സി.യും ലൈസൻസും സൂക്ഷിക്കാൻ പറ്റുന്ന ആപ്ലിക്കേഷനാണിത്. 
How:
ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽനിന്ന് ആപ്ലിക്കേഷൻ ലഭ്യമാണ്. മൊബൈൽ നമ്പർ ഉപയോഗിച്ചാണ് അക്കൗണ്ട് എടുക്കേണ്ടത്. വെർച്വൽ ആർ.സി. എടുക്കാനായി വാഹനത്തിന്റെ രജിസ്റ്റർ നമ്പർ നൽകുക. നാല് ഡിജിറ്റ് ഫോർമാറ്റിൽ വേണം ഇത് നൽകാൻ. സേർച്ച് ബാറിൽ നമ്പർ നൽകിയാൽ വാഹനത്തിന്റെ പൂർണവിവരങ്ങൾ കാണാൻ കഴിയും.

'ആഡ് ടു ടാഷ് ബോർഡ് ഫോർ വെർച്വൽ ആർ.സി. എന്ന ബട്ടൺ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ വാഹനത്തിന്റെ ചെയ്സിസ് നമ്പർ, എൻജിൻ നമ്പർ എന്നിവയുടെ അവസാനത്തെ നാലക്കം നൽകിയാൽ വെർച്വൽ ആർ.സി. എടുക്കാം. ഇതുപോലെ തന്നെയാണ് വെർച്വൽ ലൈസൻസും എടുക്കേണ്ടത്. ലൈസൻസിന്റെ നമ്പർ നൽകിയാൽ മതിയാകും.

4.PolApp


Use:കേരള പോലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ  ആപ്പില്‍ ലഭ്യമാകുന്ന സംവിധാനമാണ് ഇത്.
കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ രക്ത ലഭ്യത, ലോക്ക്ഡൗണ് സമയത്ത് യാത്ര ചെയ്യാനുള്ള e-pass എന്നിവയ്ക്കും ആപ്പ് ഉപയോഗിക്കാം. 
How:
PolApp എന്ന്  playatore ൽ സെർച്ച് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. രജിസ്ട്രേഷന് പ്രോസസ് ഒന്നും ഇല്ല.

5.Ente KSRTC

Use:  KSRTC യാത്രകൾക്ക് ഉപകാരപ്പെട്ടേക്കാവുന്ന ആപ്പ്. സീറ്റ് ബുക്കിങ്ങ്, ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് ഉള്ള സർവ്വീസിന്റെ എണ്ണം,സമയം അങ്ങനെ KSRTC-യുമായി ബന്ധപ്പെട്ട സേവനങ്ങൾ ആപ്പിൽ ലഭ്യമാണ്.
How: 
Install From playstore & Use. 
രജിസ്ട്രേഷൻ പ്രോസസ് ഇല്ല.
(സീറ്റ് ബുക്കിംഗ് സമയത്ത് വ്യക്തിഗത വിവരങ്ങൾ നൽകണം)

 6.pwd4u
Use:
പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികള്‍ ഓണ്‍ലൈനായി അറിയിക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പ്.
How: പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികള്‍ മാത്രമാണ് ഈ ആപ്പിലൂടെ പരിഹരിക്കാനാകുക.പൊതുമരാമത്ത് വകുപ്പിലെ റോഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തി നടന്നു വരികയാണ്. ഡിജിറ്റലൈസ് ചെയ്ത 4000 കിലോമീറ്റര്‍ റോഡുകളുടെ വിവരം ഈ ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ 4000 കിലോമീറ്ററിലെ വിവരം അപ്ലോഡ് ചെയ്താല്‍ ഉടന്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. 29,000 കിലോമീറ്ററോളം റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇത് നടന്നു വരികയാണ്. ഈ റോഡുകളെ സംബന്ധിക്കുന്ന വിവരങ്ങള്‍ അപ്ലോഡ് ചെയ്താല്‍ കേന്ദ്രീകൃത സംവിധാനത്തിലെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്യും.

 Arogya Setu,UMANG,mPassport Seva,  അങ്ങനെ ഒട്ടനവധി ആപ്പുകൾ ഇനിയും ലഭ്യമാണ്. 


2019, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

Uncharted - A Thief's End

Playing a Videogame was not a newer thing for me. From a brick game, It had stared a long time ago.  
From brick game to Video Game, and then to some PC Games, and then the Legacy started. 
PlayStation 4 games.
From tetris to super mario. From mario to Hercules, PoP (DOS PC Games), From DOS games to Graphics Card games,AC3, NFS MW, From PC Games to Ps4 games. From 1997 to 2018.

Among all these If I wanted to pick a single  game , The best one among all these, Then I'll Pick This Game. 

Uncharted: A Thief's End. The Hit PS4 game. Best Story, Insane Graphics, Realistic Animation, Awesome gameplay Experience..
'Uncharted ' is a Miracle.

PlayStation Exclusives are  much better than other games. God of War, Uncharted,etc are wonderful games . The realistic story and adventures moments in Uncharted  made it differ from other games. 
We can see the details of a scene in every frames.


ചില സംഗീത ചിന്തകൾ


സംഗീതം എങ്ങനെയാണ് ആസ്വദിക്കപ്പെടുന്നത്.
സംസാരത്തിൽ നിന്നും വിഭിന്നമായി,ആശയക്കൈമാറ്റം എന്നതിനുപരിയായി സംഗീതം ആസ്വാദനത്തിനുള്ളതായി മാറിയത് എങ്ങനെ. ആദ്യത്തെ പാട്ട് പാടിയതാരാവാം? സംഗീതത്തിൽ തന്നെ ചില പാട്ടുകൾ നന്നായി ആസ്വദിക്കപ്പെടുന്നതും ചിലത് അത്ര ഹിറ്റ് അല്ലാതെ ആയിപ്പോകുന്നതും എങ്ങനെ?

ആലോചിച്ച് നോക്കിയിട്ടുണ്ടോ?
അതായത്, Sounds ൽ ചിലത് ആരോചകവും ചിലത് ആസ്വാദ്യവും
 ആയി നമുക്ക് അനുഭവപ്പെടുന്നത് എങ്ങനെയാവാം?

  താളം എന്നത് കൃത്യമായ ഇടവേളകളിൽ ആവർത്തിക്കപ്പെടുന്ന ഒരേ രീതിയിലുള്ള ശബ്ദം ആണല്ലോ. ഒരു പ്രത്യേക സമയത്തേക്ക് ഇങ്ങനെ നിശ്ചിത ഇടവേളകളിൽ ആവർത്തിക്കപ്പെടുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നാൽ കുറച്ചു സമയം കഴിയുമ്പോൾ  നാമറിയാതെ തൊട്ടടുത്തു വരാൻ പോകുന്ന അതേ ശബ്ദത്തിനായി കാതോർക്കും. 
ഉദാഹരണത്തിന് ട്രെയിൻ പാളത്തിലൂടെ പോകുന്ന ശബ്ദം. 
ഏതാണ്ട് അതേപോലുള്ള സംഗീതമാണ് Dil se സിനിമയിൽ  A.R Rahman ന്റെ "ഛയ്യ ഛയ്യ" എന്ന പാട്ടിൽ BG  ആയി കേൾക്കുന്നത്.

അപ്പോൾ , ഈ 'കാത്തിരിപ്പ്' ആണോ സംഗീതം എന്ന മരീചികയുടെ അടിസ്ഥാനം? 

അത് rhythm അഥവാ താളം ആണല്ലോ. രാഗം,ലയം, ശ്രുതി, എന്നിവയ്ക്കൊക്കെ സംഗീതത്തിൽ അതിന്റെതായ സ്ഥാനമുണ്ടല്ലോ.

പദങ്ങൾ  ഇല്ലാതെ മാനുഷിക വികാരങ്ങളെ ശബ്ദം കൊണ്ട് മാത്രം സംഗീതത്തിന് നിയന്ത്രിക്കാനാവുന്നത് എങ്ങനെ?
ഉദാഹരണത്തിന് സന്തോഷസൂചകമായി വരുന്ന Piano Music നും സങ്കടത്തെ ധ്വനിപ്പിക്കുന്ന ഓടക്കുഴൽ നാദത്തിനും ദേഷ്യത്തെയും ആവേശത്തെയും ഭയത്തെയുമൊക്കെ ഉണർത്തുന്ന പലതരം Music നും അതൊക്കെ സാധിക്കുന്നത് എങ്ങനെ? 

നല്ല സംഗീതത്തിന്ഭാഷയോ രാജ്യമോ ഒന്നും അതിർവരമ്പുകളല്ല.

രോഗങ്ങളെ ശമിപ്പിക്കാൻ വരെ ഉപയോഗിക്കപ്പെടുന്ന സംഗീതം തന്നെ പല പരീക്ഷണങ്ങൾക്കും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളെയും സസ്യങ്ങളേയും സ്വാധീനിക്കാൻ അതിന് കഴിയുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു(https://dengarden.com/gardening/the-effect-of-music-on-plant-growth)
 
മാസ്മരികമായ ശബ്ദലോകത്തെ രാജാവായി സംഗീതം എന്നെന്നും നിലനിൽക്കട്ടെ..



2019, ജൂലൈ 20, ശനിയാഴ്‌ച

Movie Review 26: Chernobyl(TV Series)

Chernobyl

 അങ്ങനെ ഇന്ന് HBO Miniseries Chernobyl ന്റെ 5-ആമത്തേതും അവസാനത്തേത്തുമായ എപ്പിസോഡ് കണ്ടു.

 ഒരു Overall അഭിപ്രായം പറയുന്നതിന് മുൻപ് ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭാവനയിൽ നിന്നും സൃഷ്ടിച്ചെടുത്ത കഥയോ,ഒരു Myth/ ഇതിഹാസ/പുരാണ കഥയോ അല്ല ഇതിലുള്ളത്. തികച്ചും യദാർത്ഥ സംഭവങ്ങളെ ഏതാണ്ട് അതേപടി ആവിഷ്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. 'അതേപടി' എന്നു പറയാൻ കാരണമുണ്ട്. അത് അവസാനം പറയാം.
 Ep1. 
 ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കുന്ന വാർദ്ധക്യത്തോടടുക്കുന്ന വ്യക്തി- ഈ സീനോടെ ആണ് തുടക്കം.

 ചേർണോബിൽ ആണവനിലയത്തിലെ സ്ഫോടനവും തുടർന്ന് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളും , അതിന്  നേതൃത്വം നൽകാനായി ക്ഷണിക്കപ്പെടുന്ന വലേറി ലഗാസോവ് എന്ന ആണവ ശാസ്ത്രജ്ഞന്റെ രംഗപ്രവേശനവും ആണ് പ്രധാനമായും കാണിക്കുന്നത്.
 ബോറിസ് എന്ന , ആണവ നിലയത്തിന്റെ നിയന്ത്രണ ചുമതലയുള്ള, മന്ത്രിസഭയിൽ നിന്നുള്ള ഉദ്യോഗസ്ഥനും ഒപ്പമുണ്ട് .
 വലേറിക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമുള്ള സാമഗ്രികൾ എത്തിക്കാൻ സർക്കാരിന്റെ അനുവാദം വാങ്ങിക്കുന്നത് ബോറിസാണ്.

Ep.2
  ആണവനിലയത്തിലെ വർദ്ധിച്ചുവരുന്ന വികിരണ തോതും അതിനെ നിയന്ത്രിക്കാനെടുക്കുന്ന നടപടികളും. അതിന് പ്രധാന വെല്ലുവിളിയാവുന്ന രാഷ്ട്രീയ ഇടപെടലുകളും എടുത്തുകാണിക്കുന്നു.  ഈ എപ്പിസോഡോടെ Chernobyl , IMDB-യിലെ Top rated series ആയി മാറി. ഒരു നിമിഷം കണ്ണെടുക്കാനാവാത്തത്ര മികച്ച ത്രില്ലർ എപ്പിസോഡ്.

Ep.3
തകർന്ന നിലയത്തിലെ തുടർന്നുള്ള ശുചീകരണപ്രവർത്തനങ്ങൾ.  എങ്ങനെ  ഒരു RBMK Reactor(High Power Channel-type Reactor, RBMK- Short form of its Russian name)
 പൊട്ടിത്തെറിക്കുമെന്ന ചോദ്യത്തിനുത്തരം നൽകാൻ വാലേറിക്ക് ആവുന്നില്ല. തുടർന്ന് ഉലാന കോമ്യുക് എന്ന ന്യൂക്ലിയർ ഫിസിസിസ്റ്റ് നെ അത് കണ്ടെത്താൻ വലേറി ഏൽപ്പിക്കുന്നു.

Ep 4 
 ഉലാനയുടെ അന്വേഷണവും ചേർണോബിൽ ഏരിയയിൽ നടക്കുന്ന Evacuation ഉം ആണ് പ്രധാനമായും കാണിച്ചിരിക്കുന്നത്.

Ep.5
 അതുവരെ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്ന എപ്പിസോഡ്. എങ്ങനെ RBMK Reactor Explosion സംഭവിക്കും, എന്തുകൊണ്ട് അത് സംഭവിച്ചു, എന്തുകൊണ്ട് വലേറി ആത്മഹത്യ ചെയ്തു, എല്ലാത്തിനും.

ശ്രദ്ധക്കുറവ് കൊണ്ടുണ്ടായ അപകടത്തെ മറച്ചുപിടിക്കാനായി സോവിയറ്റ് യൂണിയൻ നടത്തിയ ശ്രമങ്ങളും അതിന്റെ പരിണിത ഫലങ്ങളും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലെ രാഷ്ട്രീയ ഇടപെടലുകളുടെ ഭീകരതയും വ്യക്തമായി കാണിച്ചിരിക്കുന്നു.

Ending ആണ് ചിന്തിപ്പിക്കുന്ന തരത്തിൽ എടുത്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും യദാർത്ഥ ദുരന്തത്തിൽ എന്ത് സംഭവിച്ചു എന്നവർ കാണിക്കുന്നു. ആകെ കഥയ്ക്കായി അവർ സൃഷ്ടിച്ചത് Evacuation Process ൽ ഉള്ള ഒരു ക്യാരക്ടറിനെ മാത്രം . അതും ആ Process ന്റെ ഭീകരത കാണിക്കാൻ.
ബാക്കി എല്ലാവരും യദാർത്ഥത്തിൽ ഉണ്ടായിരുന്നവർ . യദാർത്ഥത്തിൽ നടന്ന കാര്യങ്ങൾ. അതുകൊണ്ടാണ് ആദ്യം 'അതേപടി ആവിഷ്കരിച്ചു' എന്ന് പറഞ്ഞത്.അതുകൊണ്ട് തന്നെ ആദ്യാന്തം ഇതിന് ഒരു ഭാവനാത്മക കഥയുടെ ത്രിൽ ഒന്നും തരാനായേക്കില്ല. എങ്കിലും 5 എപ്പിസോഡിൽ തീരുന്ന, വലിച്ചുനീട്ടലുകൾ ഇല്ലാത്ത , യദാർത്ഥ സംഭവത്തോട് നല്ല രീതിയിൽ നീതിപുലർത്തുന്ന  മികച്ച ഒരു സീരീസ്.

Movie Review: 25 : ജംഗിൾ - Jungle

യോസി ഗിൻസ്ബർഗ് എന്ന സാഹസികയാത്രികന്റെ യദാർത്ഥ ജീവിതത്തിലെ സംഭവങ്ങളാണ് സിനിമയിൽ. യദാർത്ഥത്തിൽ നടന്ന സംഭവങ്ങൾ, അദ്ദേഹം ഇതേപേരിൽ പുസ്തകമാക്കിയതിനെ ആസ്പദമാക്കി എടുത്ത ചിത്രം.

ജംഗിൾ-

ആമസോണ് മഴക്കാടുകളുടെ വന്യതയും മനോഹാരിതയും ഭീകരതയും എല്ലാം ചിത്രീകരിച്ചിരിക്കുന്ന ഒരു ത്രില്ലർ സിനിമ. ഉൾക്കാടുകളിലൂടെയുള്ള യാത്ര നമ്മൾ ഡിസ്കവറിയിലും അനിമൽ പ്ലാനറ്റിലുമൊക്കെ കണ്ടിട്ടുണ്ടാകാം.

കാട്ടിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച്
യാദൃശ്ചികമായി  കണ്ടുമുട്ടുന്ന 4  പേര് സംഘമായി ഉൾക്കാടുകളിലേക്ക് യാത്ര തിരിക്കുന്നതാണ് സിനിമ. യോസി ഗിൻസ്ബർഗ്ഗ്,കെവിൻ,കാൾ, മാർക്കസ് എന്നിവർ. റെഡ് ഇന്ത്യൻസിന്റെ ജീവിതം കാണുക, ചിത്രങ്ങൾ പകർത്തുക, എല്ലാത്തിനുമുപരി ഒരു സാഹസിക അനുഭവം സ്വായത്തമാക്കുക എന്നീ ഉദ്ദേശങ്ങളോടെ 4 പേരും യാത്ര തിരിക്കുന്നു.

ദൃശ്യത്തിനെന്നപോലെ ശബ്ദത്തിനും വളരെയധികം പ്രാധാന്യമുള്ള സിനിമ. കാട്ടിലെ ചീവീടുകളുടെ, പുഴയിലെ ഒഴുക്കിന്റെ, പക്ഷികളുടെ,ജീവജാലങ്ങളുടെ, വന്യമൃഗ്രങ്ങളുടെ ,കാട്ടിലെ നിഗൂഢരാത്രിയുടെ..

കാട്ടിലേക്ക് നമ്മളെയും ഒരു പരിധിവരെ എത്തിക്കാൻ സംവിധായകനു സാധിച്ചു. കൂട്ടത്തിൽ
സംഘം ചേർന്ന് യാത്ര ചെയ്യുമ്പോഴുള്ള പരിക്കുകളും അഭിപ്രായ ഭിന്നതയും പ്രശ്നങ്ങളും, ഒറ്റപ്പെട്ട് പോകകുക,വഴിതെറ്റുക തുടങ്ങിയ പ്രശ്നങ്ങളും,മഴയും,സാഹസികതയും,വന്യമൃഗങ്ങളും..

ചിലപ്പോഴൊക്കെ സിനിമയോടൊപ്പം നമ്മളും യാത്രചെയ്യും.
 അതിഗംഭീരം എന്നൊന്നും പറയാനില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു നല്ല സർവൈവൽ ത്രില്ലർ മൂവി.


യോസി ആയി ഡാനിയേൽ റാഡ്ക്ലിഫ് വേഷമിടുന്നു.